കൊല്‍ക്കത്ത: ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി നയിക്കുന്ന റാലി ആരംഭിക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

റാലി സ്ഥലത്തേക്ക് പോകുന്ന പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ബോംബ് എറിഞ്ഞതായും ആരോപണമുണ്ട്. നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. അതേസമയം ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. 

തിങ്കളാഴ്ച ബിജെപി നടത്തിയ റോഡ് ഷോയ്ക്കിടെ കല്ലേറും നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പതാകയേന്തിയ ചിലരാണ് കല്ലേറ് നടത്തിയത് എന്നാണ് ബിജെപി ആരോപിക്കുന്നത്. സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ പങ്കെടുത്ത റോഡ് ഷോയ്ക്കിടെ നടന്ന കല്ലേറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇരുവിഭാഗവും പരസ്പരം കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. 

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് കഴിഞ്ഞദിവസം മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്. പരിപാടിക്കിടെ കരിങ്കൊടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. 

Content Highlights: BJP and TMC workers clash in Bengal’s East Midnapore ahead of Suvendu Adhikari's Khejuri rally