അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)മായി കൂട്ടുചേര്‍ന്ന് പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള  ടിഐപിആര്‍എ പുതിയ കൂട്ടുകക്ഷിയ്ക്ക് രൂപം നല്‍കി. രണ്ട് പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിച്ചതായും സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനസമ്മതി തേടുമെന്നും പ്രദ്യോത് മാണിക്യ വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍(ടിടിഎഎഡിസി) തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്നതിനിടെയാണ് പുതിയ രാഷ്ട്രീയവഴിത്തിരിവെന്നത് ശ്രദ്ധേയമാണ്. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളിലുണ്ടായ ആശയവൈരുധ്യങ്ങളെ തുടര്‍ന്ന്  രണ്ട് കൊല്ലം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച പ്രദ്യോത് മാണിക്യയുടെ പുതിയ നീക്കം ഭരണകക്ഷിയായ ബിജെപിയ്ക്ക് ചെറിയ തോതില്‍ പ്രഹരമേല്‍പിച്ചിരിക്കുകയാണ്. മറ്റ് ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി പുതിയ കക്ഷിയില്‍ കൂട്ടുചേരുമെന്നാണ് സൂചന.

തദ്ദേശ ഗോത്രവര്‍ഗക്കാര്‍ക്കായി പ്രത്യേക സംസ്ഥാനം-ഗ്രേറ്റര്‍ തിപ്രലാന്‍ഡ്-രൂപവത്കരിക്കുക എന്നതാണ് പ്രദ്യോത് മാണിക്യയുടെ ഏറ്റവും പ്രധാന ആവശ്യം. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുന്നയിച്ച് രാഷ്ട്രീയ ശ്രദ്ധ നേടിയ ഐപിഎഫ്ടിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. 2018 ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പതിടങ്ങളില്‍ എട്ടിലും ഐപിഎഫ്ടി വിജയം നേടിയിരുന്നു. ഐടിബിഎഫ് അധ്യക്ഷന്‍ എന്‍ സി ദേബ്ബര്‍മ ബിപ്ലബ് കുമാര്‍ ദേബ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയാണ്. 

പ്രത്യേക ഗോത്ര സംസ്ഥാനം രൂപവത്കരണത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പു നല്‍കുന്ന പക്ഷം ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിലെത്താന്‍ പുതിയ കക്ഷി ഒരുക്കമാണെന്ന് പ്രദ്യോത് മാണിക്യ വ്യക്തമാക്കി. ട്രൈബല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പക്ഷം ഗ്രേറ്റര്‍ തിപ്രലാന്‍ഡിനായി ഒരു പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും പ്രദ്യോത് മാണിക്യ കൂട്ടിച്ചേര്‍ത്തു. 

ട്രൈബല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല, സംസ്ഥാന ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരുന്ന ഗോത്രവിഭാഗത്തിന്റെ ഉന്നമനവും പുതിയ കൂട്ടുകക്ഷിയുടെ ലക്ഷ്യമാണെന്ന് പ്രദ്യോത് മാണിക്യയും എന്‍ സി ദേബ്ബര്‍മയും സംയുക്തവാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

 

Content Highlights: BJP Ally Merges With Tripura Royal Demands Separate State