പ്രകാശ് ജാവദേക്കർ | Photo: PTI
ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയം ദേശീയതലത്തില്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി. ബ്രഹ്മപുരത്ത് നടന്നത് അഴിമതിയാണെന്ന് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗോവയും ഇന്ദോറും മാലിന്യ സംസ്‌കരണത്തിന് മാതൃകകളാണെന്നും അവിടേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ജാവദേക്കര്‍ പറഞ്ഞു. സി.പി.എം.- കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ള മാലിന്യഅഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടിയാണ് സോണ്‍ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയത്. ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. 54 കോടിയായിരുന്നു കരാര്‍ തുക. ബയോ മൈനിങ് മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ അവര്‍ എന്താണ് ചെയ്തത്? വേറൊരു അരശ് മീനാക്ഷി എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി. സോണ്‍ടയ്ക്ക് കരാര്‍ നല്‍കിയത് 54 കോടിക്ക്. അവര്‍ ഉപകരാര്‍ നല്‍കിയത് 22 കോടിക്ക്. 32 കോടി രൂപ, ഒന്നും ചെയ്യാതെ നേരെ സ്വന്തം പോക്കറ്റിലേക്ക് പോയി, ജാവദേക്കര്‍ ആരോപിച്ചു.
ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റോ യന്ത്രങ്ങളോ സംസ്‌കരണമോ നടക്കുന്നില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. അവിടെ നടന്നത് മുഴുവന്‍ അഴിമതിയാണ്. പണം ചെലവഴിക്കല്‍ മാത്രമാണ് നടക്കുന്നത്. എന്തിനു വേണ്ടിയാണിതെന്ന് ദൈവത്തിന് അറിയാം. കടമ്പ്രയാറിന്റെ ചതുപ്പുനിലത്താണ് ബ്രഹ്മപുരം പ്ലാന്റ്. നദി പൂര്‍ണമായും മലിനമാണ്. ആ മലിനജലം പോകുന്നത് ഇന്‍ഫോ പാര്‍ക്കിലേക്കും എക്‌സ്‌പോര്‍ട്ട് പ്രൊസസിങ് സോണ്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ ഇടങ്ങളിലേക്കുമാണ്. അഴിമതിയാണ് ഈ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്ത് പ്രതിദിനം എത്തുന്നത് വെറും 250 ടണ്‍ മാലിന്യമാണ്. 110 ഏക്കറിലാണ് മാലിന്യ ശേഖരണ പ്ലാന്റ് വ്യാപിച്ച് കിടക്കുന്നത്. ഗോവയിലേക്കും ഇന്ദോറിലേക്കും ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഇത്രതന്നെ അളവ് മാലിന്യമാണ് അവിടെയും ഉണ്ടാകുന്നത്. വളരെ മികച്ച രീതിയിലുള്ള വേര്‍തിരിക്കലും സംസ്‌കരണവുമാണ് അവിടങ്ങളില്‍ നടക്കുന്നത്. അത് ലാഭകരവുമാണ്. മാലിന്യനിര്‍മാര്‍ജനം ആദായകരമായി മാറാന്‍ സാധിക്കും.
പ്രധാനമന്ത്രി എല്ലായ്‌പ്പോഴും പറയാറുണ്ട്, മാലിന്യം ധനമാണെന്ന്. ഗോവയും ഇന്ദോറും മാലിന്യനിര്‍മാര്‍ജനത്തിലെ മികച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ കേരളം ഇത്തരത്തില്‍ ഒരു ശ്രമം നടത്തിയിട്ടില്ല. കാരണം, അവരുടെ താല്‍പര്യം മറ്റെന്തൊക്കയോ ആയിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതിൽ സന്തോഷമുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Content Highlights: bjp alleges mismanagement and corruption in brahmapuram plant fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..