മുംബൈ: രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി പെണ്‍കുട്ടി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പുര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വീട്ടില്‍ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുര്‍വയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞുചുറ്റിയത്. ഭയന്ന പെണ്‍കുട്ടി കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാര്‍ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

രണ്ട് മണിക്കൂറോളം പാമ്പ് പുര്‍വയുടെ കഴുത്തില്‍ ചുറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോയി. 

പാമ്പ് ശരീരത്തില്‍ നിന്ന് വിട്ടുപോവാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ശരീരം അനക്കി. അതോടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പുര്‍വയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: Bitten By Snake That Wrapped Neck For 2 Hours, Maharashtra Child Survives