ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. 

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതിക്ക് കാരണമായി. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോയുടെ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ ഫ്രാങ്കോ ഹാജര്‍ ആയില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം തങ്ങളുടെ വാദം കേള്‍ക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുത്‌ എന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിക്ക് ഒപ്പം ഈ തടസ്സ ഹര്‍ജികളും അടുത്ത ആഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.

ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. 2014മുതല്‍ 2016വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 

Content Highlights: Bishop Franco Mulakkal Kerala nun rape case