ജലന്ധര്‍:കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ കേരള പോലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ. ബിഷപ്പിനോട് അടുപ്പം പുലര്‍ത്തുന്ന ചില വൈദികരില്‍ നിന്ന് കൂടി അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കാനായാല്‍ ഇന്ന് ഉച്ചയോടെ തന്നെ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യും.

ബിഷപ്പ് ഹൗസില്‍ എത്തി ചോദ്യം ചെയ്യേണ്ട എന്നാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വിശ്വാസികള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജലന്ധറിലെ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ചു വരുത്താനാണ് കൂടുതല്‍ സാധ്യത.അന്വേഷണ സംഘം നല്‍കിയ ചോദ്യാവലിയില്‍ ബിഷപ്പില്‍ നിന്നും ലഭിച്ച മറുപടിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന.ചോദ്യം ചെയ്യലില്‍ ഇതു സംബന്ധിച്ച പോലീസിന്റെ സംശയങ്ങള്‍ക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉത്തരം നല്‍കേണ്ടി വരും.

രൂപത പാസ്റ്ററല്‍ സെന്ററില്‍ നിന്ന് രണ്ട് വൈദികരുടെ മൊഴിയെടുത്ത അന്വേഷണ സംഘം ഇന്നലെ അമൃത്സറിലുള്ള കന്യാസ്ത്രീയുടെ ബന്ധുവായ വൈദികനില്‍ നിന്നും മൊഴിയെടുത്തിരുന്നു.മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ റെജീന അടക്കമുളള കന്യാസ്ത്രീകള്‍ മധ്യസ്ഥതാ  ശ്രമവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന മൊഴിയാണ് വൈദികന്‍ നല്‍കിയിരിക്കുന്നത്.