ബൈശാഖ് മൊണ്ടാൽ | Photo : Facebook / Bisakh Mondal
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിക്ക് തങ്ങളുടെ ടീമിനൊപ്പം ചേരുന്നതിന് പ്രതിഫലമായി ഫെയ്സ്ബുക്ക് ഓഫര്‍ ചെയ്തിരിക്കുന്നത് വര്‍ഷത്തില്‍ 1.8 കോടി രൂപ. ഇക്കൊല്ലം സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ബൈശാഖ് മൊണ്ടാലിനാണ് ഫെയ്സ്ബുക്കില്‍ നിന്ന് സ്വപ്നതുല്യമായ ഓഫര്‍ ലഭിച്ചിരിക്കുന്നത്. ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളില്‍ നിന്നും ബൈശാഖിന് ജോലി ഓഫര്‍ ലഭിച്ചെങ്കിലും അവയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത ഫെയ്സ്ബുക്കില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചതായി ബൈശാഖ് പറഞ്ഞു. സെപ്റ്റംബറില്‍ ഈ യുവാവ് ലണ്ടനിലേക്ക് പറക്കും.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബൈശാഖിന് ഫെയ്സ്ബുക്കില്‍ നിന്ന് ക്ഷണം ലഭിച്ചത്. കോവിഡ് കാലത്ത് രണ്ട് കൊല്ലത്തോളം വിവിധ സ്ഥാപനങ്ങളുടെ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചത് കൂടുതല്‍ അറിവ് നേടാന്‍ സഹായിച്ചെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ബൈശാഖ് പറയുന്നു.
ബംഗാളിലെ ഒരു സാധാരണ കുടുംബാംഗമാണ് ബൈശാഖ്. മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ബൈശാഖിന്റെ അമ്മയും അങ്കണവാടി ജീവനക്കാരിയുമായ ഷിബാനി പ്രതികരിച്ചു. കോവിഡ് കാലത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റിയിലെ പ്ലേസ്മെന്റ് ഓഫീസര്‍ സമിത ഭട്ടാചാര്യ പറഞ്ഞു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ സര്‍വകലാശാലയിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ഒരു കോടിയിലേറെ രൂപയുടെ വാര്‍ഷിക പ്രതിഫലമുള്ള തൊഴിലവസരം ലഭിച്ചതായാണ് മാധ്യമറിപ്പോര്‍ട്ട്.
Watch | ശിവാ കേറെടാ, കേറി വാടാ... വൈറൽ സ്കേറ്റിങ് ഹീറോസ് | Viral Roller Skating Kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..