
പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഭോപ്പാൽ: രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കൂട്ടമായി ചത്ത കാക്കളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്.
"ഇതുവരെ കോട്ടയില്‍ 47 കാക്കളാണ് ചത്തത്, ഝാലാവാഡില്‍ 100 കാക്കളും ബാരാണില്‍ 72 കാക്കളും ചത്തു. ബുണ്ടിയിൽ ഇതുവരെ ചത്ത കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല". സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ബോധവത്കരണത്തിനുമായി അവശ്യം വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണെന്നും രാജസ്ഥാന് പ്രിന്‍സിപ്പള്‍ സെക്രട്ടറി കുഞ്ഞിലാല്‍ മീണ പറഞ്ഞു.
വളരെ ഗൗരതരമായ പ്രശ്നമാണിതെന്നും ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും രാജസ്ഥാന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ പറഞ്ഞു.
ശനിയാഴ്ച 25 കാക്കളാണ് ഝാലാവാഡില്‍ ചത്തത്. ബാരാണില്‍ 19ഉം കോട്ടയില്‍ 22ഉം കാക്കകള്‍ ശനിയാഴ്ച മാത്രമായി ചത്തു. നീലപ്പൊന്‍മാനുകളും മറ്റു വർഗ്ഗത്തില്‍പെട്ട പക്ഷികളും പലയിടങ്ങളിലും ചത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷിപ്പനിയെത്തുടര്‍ന്ന് ഝാലാവാഡില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചു.
പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിനു പുറമെ മധ്യപ്രദേശിൽ പലയിടങ്ങളിലും പക്ഷിപ്പനി മൂലം പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ട്.'മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഡാലി കോളേജ് കാമ്പസില്‍ ചൊവ്വാഴ്ച 50 ഓളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചത്ത പക്ഷികളില്‍ ചിലതിനെ സാമ്പിള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. പരിശോധനയില്‍ എച്ച് 5 എന്‍ 8 വൈറസിന്റെ സാന്നിധ്യം ഇവയില്‍ നിന്ന് കണ്ടെത്തി', ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍, ഹെല്‍ത്ത് ഓഫീസര്‍ പൂര്‍ണിമ ഗഡാരിയ പറഞ്ഞു.
കോളേജ് സ്ഥിതിചെയ്യുന്ന പ്ലഷ് റെസിഡന്‍സി മേഖലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ജലദോഷം, ചുമ, പനി എന്നിവയുള്ളവരെ കണ്ടെത്താന്‍ സര്‍വേ നടത്തി വരികയാണ്. സംശയമുള്ള രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച മേഖലകളിലൊന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍.
content highlights: Bird flu virus detected dead crows, Centre issues alert to states
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..