Photo: Twitter.com|ANI
കോയമ്പത്തൂര്‍: കൂനൂരിനടുത്ത് കാട്ടേരിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ഉച്ചയ്ക്ക് 12.20-ഓടെയെന്ന് റിപ്പോര്‍ട്ട്. സംഭവസമയത്ത് വലിയ ശബ്ദം കേട്ടതായും ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് മരങ്ങള്‍ക്കിടയിലേക്കാണെന്നും വലിയരീതിയില്‍ തീ ഉയര്‍ന്നതായും പരിസരവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'വലിയ ശബ്ദം കേട്ടാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങി നോക്കിയത്. ഹെലികോപ്റ്റര്‍ ഒരു മരത്തിലിടിച്ച് നില്ക്കുന്നതും തീ ഉയരുന്നതുമാണ് കണ്ടത്. ഹെലികോപ്റ്ററില്‍നിന്ന് ഒന്നിലധികം മൃതദേഹങ്ങള്‍ താഴേക്ക് വീഴുന്നതും കണ്ടു'- സമീപവാസിയായ ഒരാള്‍ പറഞ്ഞു.
ഏകദേശം ഒന്നരമണിക്കൂര്‍ സമയമെടുത്താണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ക്കും അതീവഗുരുതരമായി പൊള്ളലേറ്റിരുന്നു.
അപകടവിവരമറിഞ്ഞ് കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന് സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കൂനൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തുന്ന മുഖ്യമന്ത്രി വൈകിട്ടോടെ കൂനൂരിലെത്തും. അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശപ്രകാരം എയര്‍ചീഫ് മാര്‍ഷല്‍ വി. ആര്. ചൗധരിയും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ സൂലൂര്‍ എയര്‍ബേസില്‍ എത്തുന്ന അദ്ദേഹം വൈകാതെ കൂനൂരിലെത്തും.
അതേസമയം, അപകടസമയത്തെ കാലാവസ്ഥ സംബന്ധിച്ച് പലരീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതായി ചില സമീപവാസികള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഊട്ടിയിലെ സാധാരണരീതിയിലുള്ള കാലാവസ്ഥയായിരുന്നുവെന്നും വിവരങ്ങളുണ്ട്. ഇക്കാര്യത്തിലും വ്യക്തതവന്നിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവരെ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Content Highlights: bipin rawat helicopter crash tamilnadu coonoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..