മുംബൈ: പീഡനക്കേസില്‍ മുന്‍കൂര്‍ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ പോലീസിന് മുന്നില്‍ ഹാജരായി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകനോടൊപ്പമാണ് ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനില്‍ എത്തിയത്. ജാമ്യ വ്യവസ്ഥയിലെ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ഇത്. തുടര്‍ന്ന് ജാമ്യ രേഖകളില്‍ ഒപ്പിട്ട ശേഷം അദ്ദേഹം മടങ്ങി.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ കഴിഞ്ഞദിവസമാണ് ബിനോയ് കോടിയേരിക്ക് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. 

പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധികള്‍.

എല്ലാ തിങ്കളാഴ്ചയും ഓഷിവാര പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. യുവതി പരാതി നല്‍കിയതിലെ കാലതാമസവും പോലീസിന് നല്‍കിയ പരാതിയിലെയും ബിനോയ്ക്ക് അഭിഭാഷകന്‍ മുഖേന അയച്ച നോട്ടീസിലെ വിവരങ്ങളിലെയും വൈരുധ്യങ്ങളും ചുണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Content Highlights: binoy kodiyeri appeared in mumbai oshiwara police station