ബിനീഷ് കോടിയേരി (ഫയൽ ചിത്രം)| ഫോട്ടോ: ബി.മുരളീകൃഷ്ണൻ| മാതൃഭൂമി
ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി) ന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരി അഭിഭാഷകര്‍ക്കൊപ്പം എത്തിയെങ്കിലും അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. അര മണിക്കൂര്‍ കാത്തുനിന്നിട്ടും പ്രയോജനമുണ്ടായില്ല. ഇതോടെ അഭിഭാഷകര്‍ ഇ.ഡി അധികൃതരോട് തര്‍ക്കിച്ചു. തുടര്‍ന്ന് ഇ.ഡി അധികൃതര്‍ ലോക്കല്‍ പോലീസിനെ വിളിച്ചുവരുത്തി. ഇതോടെ ബിനീഷ് കോടിയേരിയെ കാണാന്‍ കഴിയാതെ സഹോദരന്‍ ബിനോയ് ഇ.ഡി ഓഫീസില്‍നിന്ന് മടങ്ങി.
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന നിലപാടാണ് ഇ.ഡി അധികൃതര്‍ സ്വീകരിച്ചത്. എന്നാല്‍ ബിനീഷിനെ കാണണമെന്ന ഉറച്ച തീരുമാനവുമായി ബിനോയ് ഇ.ഡി ഓഫീസില്‍ നിലയുറപ്പിച്ചു. ഇതോടെ കാത്തുനിന്ന് മതിയാകുമ്പോള്‍ തിരിച്ചുപൊയ്‌ക്കോട്ടെ എന്ന നിലപാട് ഇ.ഡി അധികൃതര്‍ സ്വീകരിച്ചു. പിന്നീട് ഇ.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍നിന്ന് പുറത്തെത്തി അഭിഭാഷകരുമായി സംസാരിക്കാന്‍ തയ്യാറായി. കസ്റ്റഡിയിലുള്ള പ്രതിയെ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് ഇ.ഡി അധികൃതരുമായി അഭിഭാഷകര്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. നിയമവശങ്ങള്‍ പരിശോധിച്ചശേഷമാണ് ഇക്കാര്യം പറയുന്നതെന്ന് ഇ.ഡി വ്യക്തമാക്കി.
അതിനുശേഷവും ബിനോയിയും അഭിഭാഷകരും പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെ ഇ.ഡി അധികൃതര്‍ ലോക്കല്‍ പോലീസിനെ വിളിച്ചുവരുത്തി അവരെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് അവര്‍ പിന്മാറാന്‍ തയ്യാറായത്. തിങ്കളാഴ്ച കോടതി പരിസരത്തുവച്ച് ബിനീഷിനെ കാണാന്‍ അവസരം ലഭിക്കുമെന്ന് ഇ.ഡി അധികൃതര്‍ ബിനോയിയോട് പറഞ്ഞു. ഇ.ഡി ഓഫീസില്‍നിന്ന് പുറത്തേക്ക് പോകുംവഴി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും പ്രതികരിക്കാന്‍ ബിനോയിയോ അഭിഭാഷകരോ തയ്യാറായില്ല.
വ്യാഴാഴ്ച കോടതി പരിസരത്തുവച്ച് ബിനോയ് സഹോദരനെ കണ്ടിരുന്നു. അതിനുശേഷം വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങള്‍ കൈമാറി. വൈകീട്ട് വീണ്ടും എത്തിയപ്പോഴാണ് അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.
Content Highlights: Bineesh Kodiyeri enforcement directorate Binoy Kodiyeri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..