ന്യൂഡല്‍ഹി: പ്രായ, മത ഭേദമെന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരള പോലീസിന്റെ നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണം.  യുവതി പ്രവേശനം തടയുന്നവര്‍ക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ പറയുന്നു. 

അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഭിഭാഷകനായ പ്രശാന്ത് പദ്മനാഭന്‍ മുഖേനെ ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായ, മത ഭേദമെന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം നല്‍കണം എന്നതാണ് ആദ്യത്ത ആവശ്യം. ശബരിമല സന്ദര്‍ശിക്കാന്‍ പോകുന്ന യുവതികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നതാണ് രണ്ടാമത്തേത്.

നിലവില്‍ ശബരിമല സന്ദര്‍ശിക്കാന്‍ പോക്കുന്നവരുടെ പ്രായം പോലീസ് പരിശോധിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണം. ശബരിമലയില്‍ പോകുന്ന യുവതികളെ തടയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെയും, സ്വകാര്യ വ്യക്തികള്‍ക്ക് എതിരെയും ഉചിതമായ നടപടി സ്വീകരിക്കണം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് 2018 ല്‍ പുറപ്പടിവിച്ച ഉത്തരവിന് പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ വലിയ പ്രചാരം നല്‍കണം  തു
ങ്ങിയവയാണ് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ പറയുന്ന മറ്റ് ആവശ്യങ്ങള്‍. 

യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിനോട് കേരള സര്‍ക്കാരിന് അജ്ഞത നടിക്കാന്‍ കഴിയില്ല എന്നും ബിന്ദു അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപത്ത് വച്ച് ഉണ്ടായ മുളക് പൊടി ആക്രമണത്തെ കുറിച്ചും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.  ബിന്ദുവിന്റെ ആവശ്യം സുപ്രീം കോടതി എപ്പോള്‍ പരിഗണിക്കും എന്ന് വ്യക്തമല്ല.

നിലവിലെ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ഡിസംബര്‍ 17ന് മുമ്പ് തന്നെ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ്.  

Content Highlights: Bindu Ammini file petition to supreme court for sabarimala women entry