ബില്ലുകൾക്കെതിരെ അമൃത് സറിലെ കർഷക പ്രതിഷേധം | Photo: ANI
ന്യൂഡല്‍ഹി: പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിക്കളഞ്ഞ് ലോക്‌സഭ അംഗീകരിച്ച കാര്‍ഷിക ബില്ലുകളെ ചരിത്രപ്രധാനം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ബില്ലുകള്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രസ്താവിച്ച് ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്എസ്)ന്റെ കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ സംഘ്(ബി.കെ.എസ്.) ബില്ലുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തി.
കോര്‍പറേറ്റ് സ്വഭാവമുള്ളവയാണ് കാര്‍ഷിക ബില്ലുകളെന്നും ഭാവിയില്‍ കര്‍ഷകരുടെ ജീവിതം സങ്കീര്‍ണമാക്കാന്‍ പര്യാപ്തമാണ് ഇവയെന്നും ബി.കെ.എസ്. ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി അഭിപ്രായപ്പെട്ടു. പുതിയ ബില്ലുകള്‍ കര്‍ഷക സൗഹാര്‍ദപരമല്ലെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചൗധരി വ്യക്തമാക്കി.
അഭിമുഖത്തിന്റെ പ്രസക്തഭാഗം
നിലവിലുള്ള രീതികളുടെ പരിഷ്‌കരണത്തിലോ പുതിയ രീതികളുടെ ആവിഷ്‌കരണത്തിലോ ബി.കെ.എസിന് എതിര്‍പ്പില്ല. മറിച്ച്, കര്‍ഷകരെ കുറിച്ചാണ് തങ്ങളുടെ ഉത്കണ്ഠ. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് സമാനമാവണം കാര്‍ഷികോത്പന്നങ്ങളുടെ വില. പാന്‍ കാര്‍ഡുള്ള ഏതൊരു വ്യക്തിയ്ക്കും കര്‍ഷകരുമായി വ്യാപാര ഇടപാടുകളിലേര്‍പ്പെടാവുന്ന തരത്തില്‍ ഉദാരവത്കരിക്കുന്നവയാണ് പുതിയ ബില്ലുകള്‍. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്കനുസൃതമായി വില ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാവണം- ചൗധരി പറഞ്ഞു.
രാജ്യത്തെ എണ്‍പത് ശതമാനത്തോളം കര്‍ഷകരും ചെറുകിടകര്‍ഷകരോ അതിന് തൊട്ടു മുകളിലുള്ളവരോ ആയതിനാല്‍ ഒറ്റ ഇന്ത്യ, ഒറ്റ വിപണി എന്ന ലക്ഷ്യം പ്രായോഗികമല്ല. ചെറുകിട കര്‍ഷകരുടെ സങ്കീര്‍ണതകളെ പുതിയ ബില്ലുകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ബഹുമുഖ കുത്തക കമ്പനികളുമായി കിട പിടിക്കാനുള്ള ശേഷി ചെറുകിട കര്‍ഷകര്‍ക്ക് ഇല്ലാത്തതിനാല്‍ ബില്ലുകള്‍ മുന്നോട്ടു വെക്കുന്ന തരത്തിലുള്ള വിലനിലവാരം സംബന്ധിച്ച ധാരണയിലെത്തല്‍ അപ്രായോഗികമാണ്. കഴിഞ്ഞ രണ്ട് ബജറ്റുകളിലും എന്‍.ഡി.എ. സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ 22,000 വ്യാപാരകേന്ദ്രങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ലെന്ന കാര്യവും ചൗധരി ചൂണ്ടിക്കാട്ടി.
ബി.കെ.എസിന് രാഷ്ട്രീയപരമായി യാതൊരു താല്‍പര്യവുമില്ലെന്നും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നതു മാത്രമാണ് ലക്ഷ്യമെന്നും ഹര്‍സിമ്രത്കൗറിന്റെ രാജി സംബന്ധിച്ചുള്ള ചോദ്യത്തിന് ചൗധരി മറുപടി നല്‍കി. ഇപ്പോള്‍ പാസാക്കിയ തരത്തിലുള്ള നിയമം തങ്ങള്‍ക്കാവശ്യമില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായും പ്രതിഷേധം ആര്‍.എസ്എസിലെ സഹപ്രവര്‍ത്തകരെയും ബി.ജെ.പിയിലെ ഉന്നതനേതാക്കളെയും അറിയിച്ചതായും ചൗധരി പറഞ്ഞു.
കര്‍ഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി വേണ്ട ഭേദഗതി ബില്ലുകളില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും അക്കാര്യം പരിഗണിക്കാമെന്നുള്ള ഉറപ്പ് ലഭിച്ചിരുന്നതായും ചൗധരി പറഞ്ഞു. പക്ഷെ ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഈ ആവശ്യം പ്രതിഫലിച്ചിരുന്നില്ല. ബില്ലുകള്‍ രാജ്യസഭയുടെ മുന്നിലെത്തുമ്പോള്‍ കര്‍ഷകര്‍ക്കനുകൂലമായ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ഷകരുടെ പ്രതിഷേധത്തിന് ബി.കെ.എസിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ചൗധരി വ്യക്തമാക്കി.
Content Highlights: Bills would not help farmers much will complicate their lives more RSS affiliate farmers union BKS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..