ലകനൗ: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂടിക്കാഴ്ച നടത്തി. ലക്‌നൗവിലെ ആദിത്യനാഥിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

യുപി സര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യ, വികസന പദ്ധതികളെക്കുറിച്ച് ആദിത്യനാഥ് ബില്‍ ഗേറ്റ്‌സുമായി ചര്‍ച്ചചെയ്തു. സര്‍ക്കാര്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയ വാക്‌സിനേഷന്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖൊരക്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃസ്ഥാനത്തുണ്ടായിരുന്നതായും അദ്ദേഹം ബില്‍ ഗേറ്റ്‌സിനെ അറിയിച്ചു.

കുട്ടികളിലെ പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാവിധ സഹായങ്ങളും ബില്‍ഗേറ്റ്‌സ് വാഗ്ദാനം ചെയ്തു. നഗരങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നദികള്‍ ശുചീകരിക്കുന്നതിനുമുള്ള പദ്ധതികളിലും ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹായങ്ങള്‍ അദ്ദേഹം ഉറപ്പുനല്‍കി.

വ്യാഴാഴ്ച ബില്‍ ഗേറ്റ്‌സ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.