പട്‌ന: ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റിപ്പോയതിനെ തുടര്‍ന്ന് യുവാവിന്റെ അക്കൗണ്ടില്‍ എത്തിയത് അഞ്ചര ലക്ഷം രൂപ. പിഴവ് സംഭവിച്ചതാണെന്നും പണം തിരികെ നല്‍കണമെന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് നല്‍കിയത് വിചിത്രമായ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നല്‍കിയ പണമാണെന്നും തിരിച്ച് നല്‍കില്ലെന്നുമാണ് രഞ്ജിത് ദാസ് എന്ന ഭക്തിയാര്‍പുര്‍ സ്വദേശിയുടെ വാദം.

യുവാവിന്റെ വിചിത്ര അവകാശവാദം കാരണം കുടുങ്ങിയത് ഗ്രാമിണ്‍ ബാങ്ക് അധികൃതരാണ്. അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ എല്ലാവര്‍ക്കും അക്കൗണ്ടിലെത്തിക്കുമെന്ന് മോദി പറഞ്ഞിരുന്നെന്നും അതിന്റെ ആദ്യ ഗഡുവാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നുമായിരുന്നു രഞ്ജിത് ദാസിന്‍റെ നിലപാട്. മാര്‍ച്ചില്‍ അക്കൗണ്ടിലെത്തിയ പണം മുഴുവന്‍ ഞാന്‍ ചിലവഴിച്ചു. ഇനി അത് ഞാന്‍ എവിടെ നിന്ന് തിരികെ നല്‍കും, യുവാവ് ചോദിക്കുന്നു.

മാന്‍സി പോലീസ് സ്‌റ്റേഷനില്‍ ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും പണം ഇപ്പോള്‍ കൈവശമില്ലെന്നാണ് മൊഴിയെന്നും പേലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

Content Highlights: Bihari Man refuses to give back the amount wrongly credited to his account claims modi gave him the amount