പ്രതീകാത്മകചിത്രം| Photo: pics4news
പട്ന: ബിഹാറില്‍ വാക്സിനേഷന് ക്യാമ്പിലെത്തിയ സ്ത്രീക്ക് അഞ്ചുമിനിട്ടിനുള്ളില്‍ കോവാക്സിന്റെയും കോവിഷീല്‍ഡിന്റെയും കുത്തിവെപ്പെടുത്തു. റൂറല്‍ പട്നയിലെ പുന്പുന് ബ്ലോക്കില്‍ ജൂണ്‍ പതിനാറിനാണ് സംഭവം. സുനിലാ ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വാക്സിനുകളുടെയും കുത്തിവെപ്പെടുത്തത്. ഇവര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
ബെല്ദാരീചകിലെ ഒരു സ്കൂളില്‍ നടന്ന വാക്സിനേഷന് ക്യാമ്പിലാണ് താന്‍ പോയതെന്ന് സുനിലാ ദേവി ഇന്ത്യാടുഡേയോടു പറഞ്ഞു. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിനു ശേഷം വരിനില്ക്കുകയും അവിടെവെച്ച് കോവിഷീല്‍ഡ് വാക്സിന്റെ കുത്തിവെപ്പ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ചുമിനിട്ട് വിശ്രമിക്കാന്‍ ആരോഗ്യ അധികൃതര്‍ സുനിലയോട് നിര്‍ദേശിക്കുകയും ചെയ്തു. ഒബ്സെര്വേഷന് മുറിയില്‍ ഇരിക്കുമ്പോള്‍, മറ്റൊരു നഴ്സ് വരികയും കോവാക്സിൻ കുത്തിവെപ്പ് എടുക്കുകയുമായിരുന്നെന്ന് സുനില പറയുന്നു.
ഞാന്‍ ഒബ്സെര്വേഷന് മുറിയില്‍ ഇരിക്കുകയിരുന്നു. അപ്പോള്‍ മറ്റൊരു നഴ്സ് വരികയും കുത്തിവെപ്പ് എടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തനിക്ക് കുത്തിവെപ്പ് ലഭിച്ചതാണെന്ന് അവരോടു പറഞ്ഞു. എന്നാല്‍ അതേകയ്യില്‍ ഒരു കുത്തിവെപ്പ് കൂടി തരുമെന്ന് നഴ്സ് പറഞ്ഞു- സുനില കൂട്ടിച്ചേര്‍ക്കുന്നു. അനാസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനില ആവശ്യപ്പെട്ടു.
രണ്ട് നഴ്സുമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുന്പുന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ശൈലേഷ് കുമാര്‍ കേസരി പറഞ്ഞു. സംഭവത്തിനു പിന്നാലെ സുനിലാ ദേവിയുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
content highlights: bihar woman gets both covishield and covaxin jab in a span of five minutes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..