പട്‌ന/ലഖ്‌നൗ: കനത്തമഴയെത്തുടര്‍ന്ന് ബിഹാറിലും ഉത്തര്‍പ്രദേശിലുമായി 62 പേര്‍ മരിച്ചു. ബിഹാറില്‍ ഇതുവരെ 27 പേരും യു.പി.യില്‍ 35 പേരുമാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിയും വീടുതകര്‍ന്നുമുള്ള മരണങ്ങളാണ് ഏറെയും. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ ഇരുപത്തിയഞ്ചോളം മലയാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

ബിഹാറില്‍ 24 മണിക്കൂറിനകം കൂടുതല്‍ മഴപെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗ, കോസി, ഗാണ്‍ടക്ക്, ബാഗ്മതി, മഹാനന്ദ നദികളിലെ ജലനിരപ്പുയര്‍ന്നതിനാല്‍ സാധ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ ജലവിഭവവകുപ്പ് ജില്ലാ അധികാരികളോട് നിര്‍ദേശിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണസേനാപ്രവര്‍ത്തകര്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 151 മില്ലീമീറ്റര്‍ മഴയാണ് ഞായറാഴ്ചവരെ പട്‌നയില്‍ പെയ്തത്. അടുത്തകാലത്തൊന്നും ഇവിടെ ഇത്ര മഴപെയ്തിട്ടില്ല. വെള്ളപ്പൊക്ക പ്രതീതിയിലായ പട്‌ന നഗരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളിറക്കി. റെയില്‍, റോഡ്, വിമാന ഗതാഗതത്തെ വെള്ളപ്പൊക്കം ബാധിച്ചു. 12 ദീര്‍ഘദൂര തീവണ്ടികളും ചില പാസഞ്ചര്‍ തീവണ്ടികളും റദ്ദാക്കി. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ ദേശീയപാതകള്‍ക്ക് കേടുപാടുസംഭവിച്ചു.

വീടുകള്‍, കടകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, മുന്‍ മുഖ്യമന്ത്രിമാരായ സതീന്ദര്‍ നാരായണ്‍ സിങ്, ജിതന്‍ റാം മാഞ്ചി, ബി.ജെ.പി. എം.പി രാജീവ് പ്രതാപ് റൂഡി എന്നിവരുടെ വീടുകളിലും വെള്ളം കയറി.

ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ അഞ്ചുപേര്‍കൂടി മരിച്ചതോടെ മഴമരണങ്ങള്‍ 34 ആയി. അസംഗഢ്, മിര്‍സാപുര്‍ ജില്ലകളില്‍ നാലുവീതം പേരും ഘാസിപുര്‍, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതം പേരും മരിച്ചു. ഗൊരക്പുര്‍, ഫിറോസാബാദ്, ഉന്നാവ്, ബാംദ, ബലിയ, സീതാപുര്‍ ജില്ലകളില്‍ രണ്ടുപേര്‍ വീതവും ബുലന്ദ്ശഹര്‍, അമേഠി, സാഹരന്‍പുര്‍, ലഖിംപുര്‍, ഫത്തേപുര്‍, പ്രയാഗ്രാജ്, ചിത്രകൂട്, സുല്‍ത്താന്‍പുര്‍, ദേവ്രിയ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.

സാധാരണയിലും 1700 ശതമാനം അധികം മഴയാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് പെയ്തത്. ശനിയാഴ്ച പ്രയാഗ്രാജില്‍ 102.2 മില്ലീമീറ്ററും ഞായറാഴ്ച വാരാണസിയില്‍ 84.2 മില്ലീമീറ്ററും മഴപെയ്തു. വരുന്ന രണ്ടു ദിവസവും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

content highlights: Bihar UP heavy rain continues