പട്ന: ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം 34 പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറില്‍ നിന്ന് 40 പേരുടെ ഫോണ്‍ നമ്പറുകള്‍ പിടിച്ചെടുത്തു. മുസഫര്‍പുര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്രജേഷിനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ട് പേജുകളിലായി എഴുതി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയത്.

ഒരു മന്ത്രിയടക്കം നിരവധി പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് ലിസ്റ്റെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മറ്റു തടവുകാരില്‍ നിന്ന് വ്യത്യസ്തമായി ഠാക്കൂറിന് നിരവധി സൗകര്യങ്ങളാണ് ജയിലില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജയിലില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. ഠാക്കൂറില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ സി.ബി.ഐക്ക് കൈമാറി. ജൂലായ് രണ്ടിനാണ് ഠാക്കൂര്‍ അറസ്റ്റിലാകുന്നത്.

ജയിലില്‍ ലാന്‍ഡ് ഫോണോ ജയില്‍ ജീവനക്കാരുടെ മൊബൈലോ ആണ് ഠാക്കൂര്‍ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്.  

content highlights: Bihar Shelter Rapes Boss Caught Chilling In Jail, 40 Names On Speed Dial