പ്രതീകാത്മക ചിത്രം | Photo:Mathrubhumi
പട്‌ന: വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന ബിഹാർ സർക്കാരിന്റെ പദ്ധതിയെ സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്ന നടപടിയായി അംഗീകരിച്ച് ഐക്യരാഷ്ട്രസഭ. സാംബിയ ഉൾപ്പെടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലും പദ്ധതി വിജയകരമായി നടപ്പാക്കി. 2006-ൽ നിതീഷ് കുമാർ സർക്കാരിന്റെ കീഴിലാണ് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് സൈക്കിള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി തുടങ്ങിയത്.
പദ്ധതി പെൺകുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നതായി യു.എസിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ നിഷിത് പ്രകാശ് പറഞ്ഞു. 2015-16 കാലഘട്ടത്തിൽ സാംബിയയിൽ പദ്ധതി അവതരിപ്പിച്ചതിന് ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലേക്ക് പെണ്‍കുട്ടികളുടെ ഹാജര്‍ നില
27 ശതമാനമായും വൈകിയെത്തുന്നവരുടെ എണ്ണം 66 ശതമാനമായും കുറഞ്ഞു.
പെൺകുട്ടികളുടെ സ്‌കൂളുകളിലേക്കുള്ള യാത്രകൾ സുരക്ഷിതമാക്കുന്നതടക്കമുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിൽ പദ്ധതി വലിയ വിജയമായി. അവരുടെ ജീവിതം സ്വന്തം നിയന്ത്രണത്തിലാക്കുന്നതിന് അവർക്ക് സാധിച്ചു. പദ്ധതി നിലവിൽ വന്നതോടെ സ്‌കൂളിൽ നിന്നുള്ള പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏകദേശം 40 ശതമാനത്തോളം കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം തുടരുന്ന പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന പദ്ധതി ബിഹാറിൽ ആരംഭിച്ചതിന് ശേഷം ഗുണഭോക്താക്കളുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചതായാണ് റിപ്പോർട്ടുകൾ. 2007-08 കാലഘട്ടത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 1.5 ലക്ഷത്തിൽ നിന്നും 2011-12-ൽ 5.48 ലക്ഷമായി ഉയർന്നു. തന്റെ ദീർഘനാളത്തെ ഭരണത്തിൽ നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും പ്രിയപ്പെട്ടത് പെൺകുട്ടികൾക്കായുള്ള ഈ പദ്ധതിയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
Content Highlights: Bihar’s cycle scheme for girls a hit in Zambia, unveiled in 6 African nations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..