ഗയ: സ്വന്തം ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളമെത്തിക്കാന്‍ ലോങ്കി ഭുയാന്‍ കുഴിച്ചത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള ചാല്‍. ഒറ്റയ്ക്ക് ഈ ചാലുണ്ടാക്കാന്‍ 30 കൊല്ലത്തോളമാണ് ഇയാള്‍ ചെലവഴിച്ചത്. 

കുന്നുകളില്‍ നിന്ന് താഴേക്കൊഴുകുന്ന മഴവെള്ളം പാടങ്ങളിലേക്കെത്തിക്കാനാണ് ലോങ്കി ചാല്‍ കീറിയത്. ബിഹാറിലെ ഗയയില്‍ ലാത്തുവ പ്രദേശത്താണ് ലോങ്കിയുടെ ഗ്രാമമായ കോത്തിലവ. പര്‍വതങ്ങളും വനങ്ങളും നിറഞ്ഞ ഈ ഗ്രാമം മാവോവാദികളുടെ സങ്കേതമായി അറിയപ്പെടുന്നു. കൃഷിയും കാലിവളര്‍ത്തലുമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി. 

മഴക്കാലത്ത് കുന്നുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മുഴുവനും നദിയിലേയ്ക്ക്‌ ഒഴുകി പോകുന്നത് ശ്രദ്ധിക്കാനിടയായതിനെ തുടര്‍ന്നാണ് ചാല്‍ നിര്‍മിക്കാനുള്ള ആശയം ലോങ്കിയ്ക്കുണ്ടായത്. മറ്റു ഗ്രാമവാസികള്‍ ജോലി തേടി നഗരങ്ങളിലേക്ക് പോകാനാരംഭിച്ചപ്പോഴും ലോങ്കി ഗ്രാമത്തില്‍ തുടര്‍ന്നു. 

കാലികളെ മേയ്ക്കാന്‍ പോകുമ്പോഴാണ് ലോങ്കി ചാല്‍ കുഴിച്ചിരുന്നത്. മുപ്പത് കൊല്ലത്തെ അധ്വാനം പാഴായില്ല. ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളം മാത്രമല്ല മൃഗങ്ങള്‍ക്കും ദാഹമകറ്റാന്‍ ഇത് സഹായകമായി. ഗ്രാമത്തിന് മൊത്തം ഇതിന്റെപ്രയോജനം ലഭിച്ചതായി ഗ്രാമവാസികള്‍ പറയുന്നു. ലോങ്കിയുടെ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തെ കുറിച്ച് ആളുകള്‍ അറിഞ്ഞുതുടങ്ങിയതായി അധ്യാപകനായ രാംവിലാസ് സിങ് പറഞ്ഞു. 

 

Content Highlights: Bihar Man Carves Out 3-Km Long Canal In 30 Years To Irrigate Parched Fields