പട്ന: കൃത്യമായ കോവിഡ് കണക്കുകൾ വെളിപ്പെടുത്താത്തിൽ ബിഹാർ സർക്കാരിനെ കുറ്റപ്പെടുത്തി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്തെ കോവിഡ് കണക്കിൽ കൃത്രിമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും തേജസ്വി യാദവ് ആരോപിച്ചു.
നേരത്തെ സംസ്ഥാനത്ത് 10,000 കോവിഡ് പരിശോധനകൾ നടന്നപ്പോൾ 3000-3500 പേർക്ക് വരെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ 75,000 സാംപിളുകൾ വരെ പരിശോധിച്ചിട്ടും രോഗികളുടെ എണ്ണം നാലായിരത്തിൽ ഒതുങ്ങി. സർക്കാർ കോവിഡ് കണക്കുകളിൽ കള്ളം പറയുന്നുണ്ടെന്നും കൃത്രിമം കാണിക്കുന്നുണ്ടെന്നും ഇതിലൂടെ വെളിപ്പെടുന്നു. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിച്ച് തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്നും തേജസ്വി യാദവ് ആരോപിച്ചു.
സർക്കാരിന്റെ കണക്കുകൾ പ്രകാരം ആകെ കോവിഡ് പരിശോധനയുടെ 10 ശതമാനം മാത്രമാണ് ആർടി-പിസിആർ വഴി നടത്തുന്നത്.സംസ്ഥാനത്തുടനീളം ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു.
content highlights:Bihar govt is lying, manipulating COVID-19 figures: Tejashwi Yadav