പട്‌ന: ബിഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷ സഖ്യം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്ന് പ്രതിപക്ഷ സഖ്യം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കുമേല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അന്തിമ ഫലം അര്‍ധരാത്രിയോടെ പുറത്തുവരുമെന്നും അറിയിച്ചിട്ടുണ്ട്.
146 സീറ്റുകളിലെ ഫലപ്രഖ്യാപനം മാത്രമെ ആ സമയംവരെ നടത്തിയിട്ടുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 119 സീറ്റുകളില്‍ വിജയിച്ചുവെന്ന തരത്തിലുള്ള ആര്‍ജെഡിയുടെ അവകാശവാദം തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്.
വൈകീട്ടോടെയാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും സഖ്യത്തിന്റെ ഭാഗമായ 119 സ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ആര്‍ജെഡി പട്ടിക പുറത്തിറക്കിയത്. വിജയിച്ചവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലുണ്ടെന്നും എന്നാല്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്നുമാണ് ആര്‍ജെഡി പരാതിപ്പെട്ടത്. വൈകീട്ടോടെ ആര്‍ജെഡിയുടെ മനോജ് ഝാ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കുകയും ഭരണകൂടത്തില്‍ വിശ്വാസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: Bihar: Election Commission denies opposition claims of counting