പട്‌ന: ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവ്‌ലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞത്. 

ജെ.ഡി.യു അംഗമായ മേവ്‌ലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവ്‌ലാലിനെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍. സംഭവത്തില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മേവ്‌ലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. 

Content Highlights: bihar education minister mewlal choudhary resigned