പാട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 

കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ചെറിയ പനിയോടെയായിരുന്നു തുടക്കം. രണ്ട് ദിവസമായി മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. വിദഗ്ധ നിരീക്ഷണത്തിനായി പട്‌ന എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശ പരിശോധനയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല. രോഗം ഭേദമായി ഉടന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരിച്ചെത്തും- സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തു. 

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുശീല്‍ കുമാര്‍ മോദി പ്രചാരണ രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനും മറ്റ് നേതാക്കള്‍ക്കുമൊപ്പം നിരവധി വേദികളും സുശീല്‍ കുമാര്‍ മോദി പങ്കിട്ടുണ്ട്. ഒക്ടോബര്‍ 17ന് ഭാഭുവ മണ്ഡലത്തിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.