പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് രാജ്യത്തെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. പ്രധാനമന്ത്രിയാകാനുള്ള എല്ലാ കഴിവും നിതീഷ് കുമാറിനുണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് ജെഡിയു നേതാവിന്റെ പരാമര്‍ശം. 

'ജനങ്ങള്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കി. ഇന്ന് അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള മറ്റു നേതാക്കളും രാജ്യത്തുണ്ട്. ആ നേതാക്കളില്‍ ഒരാളാണ് നിതീഷ് കുമാര്‍. പ്രധാനമന്ത്രിയാകാനുള്ള എല്ലാ കഴിവും അദ്ദേഹത്തിനുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശവുമില്ല. അദ്ദേഹത്തെ പിഎം മെറ്റീരിയല്‍ എന്നു വിളിക്കണം. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നതിനല്ല' - ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ജനദാതള്‍ യുണെറ്റഡ് എന്‍ഡിഎ മുന്നണിയുടെ ഭാഗമാണ്. മുന്നണിയെ പാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നു. തത്ക്കാലം ഇതില്‍ ഒരു ചര്‍ച്ചകളുമില്ലെന്നും നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാണിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. 

വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ച ചെയ്യുമെന്നും ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിയു പ്രഖ്യാപിച്ചിരുന്നു. 2017 യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിച്ചിരുന്നില്ല. 

content highlights: Bihar CM Nitish Kumar is Prime Minister material, says JD(U) leader Upendra Kushwaha