പട്‌ന: സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഗവര്‍ണര്‍മാരുടെ പങ്കിനെ കുറിച്ചുള്ള ചോദ്യം നല്‍കി ബിഹാര്‍ പിഎസ് സി പുലിവാല് പിടിച്ചു. ഞായറാഴ്ച നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയിലാണ് വിവാദ ചോദ്യം നല്‍കിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം അടിസ്ഥാനമാക്കി ഗവര്‍ണര്‍മാരുടെ പങ്കിനെ കുറിച്ച് വിമര്‍ശനാത്മകമായി പരിശോധിക്കുക എന്നായിരുന്നു ഉദ്യോഗാര്‍ഥികളെ കുഴപ്പിച്ച ചോദ്യം. 

ബിഹാറിലെ നിലവിലെ സാഹചര്യം അടിസ്ഥാനമാക്കി ഗവര്‍ണര്‍ ഒരു കളിപ്പാവയാണോയെന്ന് വിശദമാക്കാനും ചോദ്യത്തില്‍ നിര്‍ദേശിച്ചിരുന്നു. ഏതെങ്കിലും അംഗങ്ങള്‍ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പങ്കുണ്ടോയെന്ന് ബിപിഎസ് സി ഉടന്‍ തന്നെ അന്വേഷിക്കുകയും ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപികയ്ക്കാണ് ചോദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്ന് അറിയിക്കുകയും ചെയ്തു. ചോദ്യത്തില്‍ കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍ കളിപ്പാവ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നെന്നും പിഎസ് സി അധികൃതര്‍ വ്യക്തമാക്കി. 

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു)വും ബിജെപിയും ചേര്‍ന്നാണ് ബിഹാറില്‍ ഭരണം നടത്തുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ വിജയം നേടിയിട്ടും കേന്ദ്രമന്ത്രിസഭയില്‍ വേണ്ട പരിഗണന ലഭിക്കാത്തതില്‍ നിതീഷിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പില്‍ എണ്ണമറ്റ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിശദീകരിക്കാനുള്ള ചോദ്യവും പരീക്ഷയ്ക്കുണ്ടായിരുന്നു. സ്‌കൂള്‍ പരീക്ഷകളിലും പൊതുപരീക്ഷകളിലും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ നല്‍കി പ്രതിക്കൂട്ടിലായ ചരിത്രം ബിഹാറിനുണ്ട്. 

 

Content Highlights: Bihar BPSC Governors