പട്ന: ബിഹാർ തിരഞ്ഞെടുപ്പിൽ നിറംമങ്ങി കോൺഗ്രസ്. മഹാസഖ്യത്തിന്റെ ഭാഗമായി കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും 2015-ൽ നേടിയ സീറ്റുകൾ പോലും കോൺഗ്രസിന് ഇത്തവണ നേടാനായില്ല. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന ലീഡ് നില അനുസരിച്ച് 20 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന്റെ മുന്നേറ്റം. കഴിഞ്ഞതവണ ജെഡിയുവിനും ആർജെഡിക്കുമൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായി 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 27 സീറ്റുകളിൽ വിജയിക്കാനായിരുന്നു.
ആർ.ജെ.ഡി. നേതൃത്വം നൽകുന്ന മഹാസഖ്യം എഴുപതോളം സീറ്റുകളാണ് ഇത്തവണ കോൺഗ്രസിന് നൽകിയത്. എന്നാൽ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് ആർ.ജെ.ഡിക്കും മഹാസഖ്യത്തിനും ഒരുപോലെ തിരിച്ചടിയായെന്ന് വേണം വിലയിരുത്താൻ. കോൺഗ്രസിന് ഏറെ വോട്ടുകളുള്ള മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി നിർണായക മുന്നേറ്റം നടത്തിയതും കോൺഗ്രസിന് തിരിച്ചടിയായി.
അതേസമയം, സി.പി.ഐ.എം.എൽ. സി.പി.ഐ. സി.പി.എം. തുടങ്ങിയ കക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകിയത് മഹാസഖ്യത്തിന് നേട്ടമായി. ഇടതുപാർട്ടികൾ തങ്ങളുടെ കരുത്ത് കാട്ടി മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ഓരോനിമിഷത്തിലും കണ്ടത്. മഹാസഖ്യത്തിന്റെ ഭാഗമായി ഇത്തവണ പോരാട്ടത്തിനിറങ്ങിയ ഇടതുപാർട്ടികൾ മിക്ക സീറ്റുകളിലും കൃത്യമായ ലീഡ് നേടിയാണ് മുന്നേറ്റം നടത്തുന്നത്. 11 സീറ്റുകളിലാണ് സി.പി.ഐ.എം.എൽ. മുന്നേറുന്നത്. മൂന്ന് വീതം സീറ്റുകളിൽ സി.പി.എമ്മും സി.പി.ഐ.യും ലീഡ് ചെയ്യുന്നു.
Content Highlights:bihar assembly election results 2020 live seats for congress and left parties