നിതീഷ് കുമാർ| Photo: PTI
പട്‌ന:ബിഹാറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്തതായും എല്ലാ വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ്മാളുകളും പാര്‍ക്കുകളും ഗാര്‍ഡനുകളും ആരാധനാലയങ്ങളും തുറക്കാന്‍ തീരുമാനിച്ചതായും നിതീഷ് കുമാര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാം.
സാമൂഹികം, രാഷ്ട്രീയം, വിനോദം, കായികം, സാംസ്‌കാരികം, മതപരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും അനുമതിയുണ്ട്. ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്.
സംസ്ഥാനത്തെ സ്കൂളുകൾ (ഒന്നാം ക്ലാസ് മുതൽ) അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവര്‍ത്തന അനുമതിയും നല്‍കിയിട്ടുണ്ട്. പരിശീലന ക്ലാസുകള്‍ക്കും ഇനി മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാവുന്നതാണ്. സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പരീക്ഷകള്‍ നടത്താനുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
തിയേറ്ററുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാല എന്നിവയ്ക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാം. എന്നാല്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ അന്‍പതു ശതമാനം ആളുകളേ മാത്രമേ ഇവിടെ അനുവദിക്കാന്‍ പാടുള്ളൂ.
നിലവില്‍ ബിഹാറില്‍ വെറും 102 സജീവ കോവിഡ് കേസുകള്‍ മാത്രമാണുള്ളത്. ഇതുവരെ 7,15,853 പേര്‍ സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയപ്പോള്‍ 9,650 പേര്‍ക്ക് മഹാമാരിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.
content highlights: bihar announces major unlock measures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..