രവിശങ്കർ പ്രസാദ് | Photo: PTI
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിതിന് ശേഷം ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നിന്ദ്യമായ ഉളളടക്കമുളള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സുതാര്യതയിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
'പുതിയ ഐടി നിയമങ്ങള്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സുപ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പാലിച്ചു കണ്ടതില്‍ സന്തോഷം. അവര്‍ പ്രസിദ്ധീകരിച്ച പ്രകോപനപരമായ പോസ്റ്റുകള്‍ ഐടി നിയമങ്ങള്‍ അനുസരിച്ച് സ്വമേധയാ നീക്കംചെയ്യുന്നത് സുതാര്യതയിലേക്കുള്ള വലിയ കാല്‍വെപ്പാണ്.' - രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
ചട്ടലംഘനത്തെ തുടര്‍ന്ന് മേയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള ഒരു മാസക്കാലയളവില്‍ മൂന്ന് കോടിയിലധികം പോസ്റ്റുകള്‍ക്കെതിരേ ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം വിഭാഗങ്ങളില്‍ പെടുന്ന ലംഘനങ്ങള്‍ക്കെതിരേയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ഇതേ കാലയളവില്‍ നടപടിയെടുത്തിട്ടുണ്ട്. ഗൂഗിള്‍ യൂട്യൂബിലെ ഉള്‍പ്പെടെ 59,350 ലിങ്കുകള്‍ നീക്കംചെയ്തു. 5,502 പരാതികളില്‍ 1,253 എണ്ണം കൈകാര്യം ചെയ്തതായി രാജ്യത്ത് ട്വിറ്ററിന് ബദലായി അവതരിപ്പിച്ച കൂ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളെ കുറിച്ചുമുള്ള പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പുതുക്കിയ ഐടി ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. ഓട്ടോമേറ്റഡ് ടൂള്‍സ് ഉപയോഗിച്ച് നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
നടപടിയെടുത്ത ഉള്ളടക്കങ്ങളില്‍ പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, കമന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രകോപനപരമായതോ ഉപദ്രവകരമായതോ ആയ ഭാഗം നീക്കം ചെയ്യുന്നതോ ചില ഉപയോക്താക്കള്‍ക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ വീഡിയോകളോ ഫോട്ടോകളോ മറയ്ക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതും നടപടികളില്‍ പെടും.
Content Highlights: "Big Step Towards Transparency": Minister Ravi Shankar Prasad's Praise For Facebook, Google
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..