ന്യൂഡല്‍ഹി: മുംബൈ ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി സംഘടിച്ചെത്തിയതിന് പിന്നിലെ വലിയ ഗൂഢാലോചന മറനീക്കി പുറത്തു വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.  സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നതെന്നും  ശിവസേന ആരോപിച്ചു.

വലിയ ഗൂഡാലോചനയാണ് ഇതിന് പിന്നില്‍. സത്യം മറനീക്കി പുറത്തുവരും. കൊറോണ വൈറസ് പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം വളരെ തരംതാഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്- ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. 

മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകള്‍ ബാന്ദ്ര സ്റ്റേഷനില്‍ നിന്ന് മാത്രമല്ല യാത്രതിരിക്കുന്നത്.  ലോകമാന്യതിലക്, മുംബൈ സെന്‍ട്രല്‍, ഛത്രപതിശിവജി മഹാരാജ ടെര്‍മിനസ് എന്നിവടങ്ങളില്‍ നിന്നും സര്‍വീസുകളുണ്ട്. എന്നാല്‍ ആള്‍ക്കാര്‍ കൂട്ടത്തോടെ എത്തിയത് ഒരു സ്‌റ്റേഷനില്‍ മാത്രമാണ്. കൂടാതെ ഗുജറാത്തിലെ  സൂറത്തിലുണ്ടായ സമാനമായ സാഹചര്യത്തെ എല്ലാ ടെലിവിഷന്‍ ചാനലുകളും അവഗണിച്ചു എന്നും സാമ്‌ന ആരോപിക്കുന്നു.  

ദേശീയ ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 2000ത്തോളം അതിഥി തൊഴിലാളികളാണ് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ വിലക്കുകള്‍ ലംഘിച്ച് എത്തിയത്. 

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത് എളുപ്പമല്ല. ഇത്രയും ദിവസം ഇവരുടെ കാര്യങ്ങള്‍ നോക്കിയത് സംസ്ഥാനമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇവിടെനിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുന്നു. ഇത് ചതിയാണ്. ഈ നിര്‍ണായക സമയത്ത് ഇവിടെ തുടരുന്നവരാണ് മണ്ണിന്റെ യഥാര്‍ഥ മക്കള്‍. ഈ സമയത്ത് പോലീസ് എന്ത് ചെയ്യുകയായിരുന്നു? നാട്ടിലേക്ക് പോകാന്‍ വന്നവരായിരുന്നെങ്കില്‍ അവരുടെ ലഗേജുകള്‍ ഉണ്ടാവുമായിരുന്നില്ലേ എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

Content Highlights: big conspiracy over bandra it will unmask shiv sena