വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുന്നതായും ബൈഡന്‍ ഭരണകൂടം ഇന്ത്യയെ അറിയിച്ചു. കോവിഡ് വാക്‌സിന്‍ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിലാണ് വിശദീകരണം.

അമേരിക്കയുടെ പ്രതിരോധ ഉത്പാദന നിയമ (ഡിപിഎ) പ്രകാരം വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തില്‍ ആഭ്യന്തര ഉപയോഗത്തിന് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വാക്‌സിന്‍ ഉത്പാദകര്‍ക്ക് ആവശ്യമുള്ള അസംസ്‌കൃതവസ്തുക്കള്‍ അമേരിക്കയിലെ വാക്‌സിന്‍ ഉത്പാദനത്തിനായി നല്‍കേണ്ടിവരുന്നു. അമേരിക്ക കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര വിതരണത്തിന് മുന്‍ഗണന നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു. 

വാക്‌സിന്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അമേരിക്കന്‍ പ്രസിഡന്റ് ബൈഡനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി അസംസ്‌കൃത വസ്തുക്കള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാന്‍ അവസരമൊരുക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധു വിഷയം ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കൂടാതെ, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ വിശദീകരണം ഉണ്ടായിരിക്കുന്നത്.

Content Highlights: Biden admin on Covid-19 vaccine's raw material supply issues