ഗുവാഹാത്തി:  ലോകത്തിലേറ്റവും ചൂടന്‍ മുളകളിലൊന്നാണ് ഭൂത് ജൊലോകിയ. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഈ മുളകിനെ ഇപ്പോള്‍ ആയുധമായി ഉപയോഗിക്കാനൊരുങ്ങുകയാണ് പോലീസ്. ഭൂത് ജൊലോകിയയുടെ സത്ത് ഉപയോഗിച്ച് പ്രത്യേക ആയുധം നിര്‍മിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. കലാപങ്ങളും നിയന്ത്രണാതീതമാകുന്ന രീതിയില്‍ സമരങ്ങള്‍ മാറുമ്പോഴും പ്രയോഗിക്കാനുള്ള ചില്ലി ഗ്രനേഡാണ് ഭൂത് ജൊലോകിയയുടെ സത്ത് ഉപയോഗിച്ച് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്.

ഭൂത് ജൊലോകിയയുടെ എരിവ് 10,41,427 എസ്.എച്ച്.യു ( സ്‌കൊവൈല്‍ ഹീറ്റ് യൂണിറ്റ്) ആണ്. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന മുളകിനേക്കാള്‍ 20 മടങ്ങ് എരിവ് കൂടുതലാണ് ഭൂത് ജൊലാകിയ എന്ന മുളകിനുള്ളത്. ഇതിനേക്കാള്‍ ഇരട്ടി വീര്യമുള്ള മുളകുമുണ്ട്. കരോളിന റീപ്പര്‍ എന്നാണ് അതിന്റെ പേര്. 22,00,000 എസ്.എച്ച്.യു ആണ് മുളകിന്റെ എരിവായി കണക്കാക്കിയിരിക്കുന്നത്.

തത്കാലം ഭൂത് ജൊലാകിയിലേക്ക് വരാം. സാധാരണഗതിയില്‍ അസ്സമുകാരുടെ അഭിമാനത്തിന്റെ പ്രതീകമായാണ് ഈ മുളകിനെ അവര്‍ കണ്ടിരുന്നത്. നമുക്ക് കഴിക്കാന്‍ ഭയം തോന്നുമെങ്കിലും ഈ മുളക് ചേര്‍ത്ത് അസ്സമിലെ ജനങ്ങള്‍ അച്ചാര്‍, ചട്‌നി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കാറുണ്ട്.

എരിവ് കൂടുതലായതുകൊണ്ട് അധികം ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ രുചിമുകളങ്ങളെ എരിവുകൊണ്ട് തളര്‍ത്തുന്ന ഭൂത് ജൊലാകിയ ഇനി കലഹക്കാരുടെ കണ്ണും മൂക്കും മുഖവും നല്ലതുപോലെ പുകയ്ക്കും. എരിവിന്റെ കാഠിന്യം കാരണം അക്രമികളും പ്രക്ഷോഭകരും ഓടിയവഴിയില്‍ പുല്ലുകിളിര്‍ക്കില്ല എന്നാണ് അസം പോലീസ് വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. 

സമരങ്ങളും പ്രക്ഷോഭങ്ങളും അതിര് കടക്കുമ്പോള്‍ അത് പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് മുതല്‍ ഗ്രനേഡ് പ്രയോഗം വരെ പോലീസ് നടത്താറുണ്ട്. ഇതൊക്കെ സമരക്കാര്‍ക്ക് ശാരീരികമായ ക്ഷതങ്ങള്‍ക്ക് കാരണമാകും. ചില്ലി ഗ്രനേഡ് വരുന്നതോടെ സമരക്കാരെ തൊടാതെ തന്നെ അവരെ കണ്ടംവഴി ഓടിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. 

ഭൂത് ജൊലോകിയ ഉപയോഗിച്ച് 2009 ലാണ് ചില്ലി ഗ്രനേഡ് നിര്‍മിക്കാന്‍ ഡിആര്‍ഡിഒ പദ്ധതി തയ്യാറാക്കിയത്. 2015 ഓഗസ്റ്റ് മുതല്‍ ഭീകര വിരുദ്ധ നടപടികളില്‍ സുരക്ഷാ സേന ഇത് ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും മറഞ്ഞിരിക്കുന്ന ഭീകരവാദികളെ പുകച്ച് പുറത്തുചാടിക്കാന്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ആദ്യമായാണ്  ക്രമസമാധാന പാലനത്തിനായി പോലീസിന് ഇവയെ കൈമാറുന്നത്. 

Content Highlights: Bhut jolokia, Chilly Grenade, DRDO