റായ്പുര്‍: ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രമണ്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണ പദ്ധതിക്കു തടയിട്ട് പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍.
മുന്‍ സര്‍ക്കാരിന്റെ സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണ പദ്ധതി- സഞ്ചാര്‍ ക്രാന്തി യോജന താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭൂപേഷ് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
സഞ്ചാര്‍ ക്രാന്തി യോജന പ്രകാരം 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ സ്തീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതില്‍ മുപ്പതുക്ഷത്തോളം ഫോണുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞതായാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ജില്ലാ കളക്ടര്‍മാരുമായും എസ് പിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനത്തെ 27 ജില്ലകളിലെയും സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലായിലാണ് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണ പദ്ധതി രമണ്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
content highlights: Bhupesh baghel withholds raman singh's free smart phone distribution in Chhattisgarh