മുംബൈ: ഭീമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപരമായി വളരെയധികം പ്രശ്നങ്ങളുണ്ട്. നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് വരവര റാവു ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.
ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ അവസ്ഥയിൽ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാൻ അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.
വരവര റാവുവിന് മറവിരോഗം ഉൾപ്പടെയുളള അസുഖങ്ങളുണ്ടായിരുന്നു. ജയിലിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആദ്യം സർക്കാർ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് നാനാവതിയിലേക്ക് മാറ്റുന്നത്.
Content Highlights:Bhima Koregaon violence Varavara Rao gets bail