ന്യൂഡല്‍ഹി: ഭീമ- കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പോലീസ് റെയ്ഡ്. റെയ്ഡില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് നിരവധി ആക്ടിവിസ്റ്റുകളെ വിവിധ ഇടങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. പുണെ പോലീസാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.
സുധാ ഭരദ്വാജ്, ആനന്ദ് തെല്‍ടുംഡേ, സുരേന്ദ്ര ഗാഡ്‌ലിങ്, വരാവര റാവു തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഡെല്‍ഹി. മുംബൈ, റാഞ്ചി,ഗോവ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പോലീസ് നടപടിയുണ്ടായത്.
ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേരിയ, സൂസന്‍ അബ്രഹാം, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരെ പരിശോധനയുടെ ഭാഗമായി പുണെ പോലീസ് ചോദ്യം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിനെതിരെ യുഎപിഎ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുമുണ്ട്.
റാഞ്ചിയില്‍ നിന്നുള്ള ആദിവാസി സമരനേതാവായ സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സിഡികള്‍, സിംകാര്‍ഡുകള്‍,കംപ്യൂട്ടറുകള്‍, രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്നാണ് വിവരം. പോലീസ് റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധവുമായി ബുക്കര്‍ പുരസ്‌കാര ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് അടക്കമുള്ള പ്രമുഖര്‍ രംഗത്ത് വന്നു. രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് ഇതെന്നാണ് അരുന്ധതി റോയി വിമര്‍ശിച്ചത്.