സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി | Photo: ANI
ഉദയ്പുർ: അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. സമൂല പരിഷ്കരണം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ് ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ ഉണ്ടായിരിക്കുന്നത്. എല്ലാ സമിതികളിലും അമ്പത് ശതമാനം യുവജന പ്രാതിനിധ്യം, ഭാരത് യാത്ര, കോണ്‍ഗ്രസിനെക്കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട്, ഉപദേശക സമിതികൾ തുടങ്ങിയ വൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോൺഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നൽകണമെന്നതാണ് ചിന്തൻ ശിബിരത്തിൽ എടുത്തിരിക്കുന്ന പ്രധാന തീരുമാനം. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമായിരിക്കും എന്ന തീരുമാനവും എടുത്തു. എന്നാൽ അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആൾ എങ്കിൽ അത്തരക്കാർക്ക് മത്സരിക്കാം എന്ന ഇളവ് ഉണ്ട്. കുടുംബ ഭരണമാണ് എന്ന ആക്ഷേപത്തെ നേരിടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.
90 - 120 ദിവസങ്ങൾക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി. എല്ലാ വർഷവും എഐസിസിസി പിസിസി യോഗങ്ങൾ നടന്നിരിക്കണം എന്നും യോഗത്തിൽ തീരുമാനമെടുത്തു.
രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് റാലി സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ജാഥ ആരംഭിക്കും. രാജ്യമാകെ സഞ്ചരിച്ച് ജനങ്ങളുടെ തുടിപ്പ് അറിയുമെന്നാണ് സോണിയയും രാഹുലും അറിയിച്ചത്.
എന്താണ് കോൺഗ്രസ്? എന്താണ് കോൺഗ്രസിന്റെ രീതി? എന്താണ് കോൺഗ്രസിന്റെ ആശയം എന്ന് പഠിപ്പിക്കുന്നതിന് വേണ്ടി കോൺഗ്രസ് ദേശീയ തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള വേദിയായി ഇത് മാറും.
ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതി തീരുമാനമെടുക്കും. ഒപ്പം തന്നെ പ്രവർത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കൾ ചേർന്ന് കോൺഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവിൽ വരും.
ഇത്തരത്തിൽ സമൂലമായ ഒരു ഉടച്ചു വാർക്കലാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. 'നമ്മൾ അതിജീവിക്കും, നമ്മൾ അതിജീവിക്കും, നമ്മൾ അതിജീവിക്കും....' ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചിന്തൻ ശിബിരത്തിൽ പ്രസംഗം അവസാനിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..