രാഷ്ട്രീയം പറയുമോ ജോഡോ യാത്ര?


രാജേഷ് കോയിക്കല്‍

യാത്രയ്ക്കിടെ രാഹുൽ കുട്ടികൾക്കൊപ്പം | Photo - Mathrubhumi archives

ഇന്ത്യയെ ഒന്നിപ്പിക്കാനും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുളള ഭാരത് ജോഡോ യാത്ര കേരളം വിട്ടു. മുഖ്യ രാഷ്ട്രീയ എതിരാളിയായ ബിജെപിക്ക് അത്ര ശക്തിയൊന്നുമില്ലാത്ത കേരളത്തില്‍ 19 ദിവസമാണ രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന രാഷ്ട്രീയം പിന്നീട് ചോര്‍ന്ന് പോയപ്പോള്‍ മുഴച്ചുനിന്നത് കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും അധ്യക്ഷ തിരഞ്ഞെടുപ്പിലെ അപസ്വരങ്ങളുമായിരുന്നു. നൂറ്റിമുപ്പത്തിയേഴ് വര്‍ഷത്തെ പാരമ്പര്യത്തിന്റെ തഴുമ്പ് കാണിക്കാന്‍ പോലും കഴിയാത്തവിധം തളര്‍ന്നുപോയ കോണ്‍ഗ്രസിന് തിരിച്ചുവരാനുളള കച്ചിത്തുരുമ്പ്, ഭാരത് ജോഡോ യാത്ര. ചിന്തന്‍ ശിബിരത്തില്‍ പെട്ടെന്നുണ്ടായ വെളിപ്പാട് രാഹുല്‍ ഗാന്ധിയെന്ന പ്രവര്‍ത്തകസമിതി അംഗത്തെ നിരത്തിലിറക്കി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ രാജ്യത്തെ ഒന്നിപ്പിക്കാനിറങ്ങി. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പൊയിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം യാത്രകള്‍ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ യാത്രയുടെ ടൈമിങ്ങില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചു. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തിലൂടെ രാഹുല്‍ സഞ്ചരിക്കാത്തതും ഭാരത് ജോഡോയുടെ പ്രസക്തി ചോദ്യം ചെയ്യുന്നതായി.

തമിഴ്നാട്ടിലും കേരളത്തിലും യാത്രയ്ക്ക് ആവേശം ഒട്ടും കുറവുണ്ടായില്ല. വഴിയോര കടകളില്‍നിന്നും ചായ കുടിച്ചും കുട്ടികളോടും വനിതകളോടും കുശലം പറഞ്ഞും സെല്‍ഫി എടുക്കാന്‍ ഒപ്പം നിന്നും പത്ത് കൊല്ലം മുന്‍പുളള നേതാവിലേക്ക് രാഹുല്‍ ഗാന്ധി യാത്ര പോയി. അന്ന് ദളിത് ഭവനങ്ങളില്‍ ഉണ്ടും ഉറങ്ങിയ രാഹുല്‍ ഇന്ന് യാത്ര നഗരമധ്യത്തിലൂടെയാക്കിയെന്നു മാത്രം. ബിജെപി ശക്തികേന്ദ്രമല്ലാത്ത കേരളത്തില്‍ പ്രധാന എതിരാളിയായ ഇടതുപാര്‍ട്ടികളെ തലോടിയായിരുന്നു രാഹുലിന്റെ പോക്ക്. സംസ്ഥാന സിപിഎം യാത്രയെ അനാവശ്യമായി ഭയന്നപ്പോള്‍ ദേശീയ നേതൃത്വം ദേശീയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ മുഖ്യ എതിരാളിയായ ബിജെപിയെ രാഹുല്‍ കടന്നാക്രമിച്ചത് വേണ്ടത്ര ഏറ്റില്ലെന്നാണ് അടക്കം പറച്ചില്‍. പിണറായി സര്‍ക്കാരിനോടുളള നിലപാട് ആരാഞ്ഞപ്പോള്‍ അത് സംസ്ഥാന നേതാക്കള്‍ പറയുമെന്നായിരുന്നു അങ്കമാലിയിലെ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കിയത്. ജോഡോ യാത്ര ആവേശമായപ്പോഴും രാഷ്ട്രീയം മാത്രം ഒഴിഞ്ഞുനിന്നു. യാത്ര വാര്‍ത്തകളിലിടം പിടിച്ചത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് യാത്രയിലെ വേറിട്ട കാഴ്ച്ചകളുടെ പേരിലായിരുന്നു.

Photo - Mathrubhumi archives

ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടു. ഗോവയില്‍ നേതാക്കളുടെ ഛോഡോ യാത്രയായിരുന്നു ഇതില്‍ പ്രധാനം. ആകെയുളള 11 എംഎല്‍എമാരില്‍ 8പേര്‍ ബിജെപിക്കൊപ്പം കൈകോര്‍ത്തു. ഒരിക്കലും കോണ്‍ഗ്രസിനെ കൈവിടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്തവരാണ് പാര്‍ട്ടി വിട്ടത്. ദേശീയതലത്തില്‍ ബിജെപി ഇത് രാഷ്ട്രീയ ആയുധവുമാക്കി. സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ടതെന്ന കോണ്‍ഗ്രസിന്റെ പ്രതിരോധം ദുര്‍ബലമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയോ എഐസിസി അധ്യക്ഷനോ ? ആരാണ് അധികാര കേന്ദ്രമെന്ന ചോദ്യം അശോക് ഗഹ്‌ലോതിനെ ആശയക്കുഴപ്പത്തിലാക്കിയത്. അശോക് ഗഹ്‌ലോത് തന്നെ ഉത്തരവും കണ്ടെത്തി, മുഖ്യമന്ത്രി. വിശ്വസ്തന്‍ തന്നെ പാളയത്തില്‍ പടയുണ്ടാക്കിയപ്പോള്‍ ഹൈക്കമാന്‍ഡ് മാത്രമല്ലാ ജോഡോ യാത്രയിലെ രാഹുലാദികളും ഞെട്ടിത്തെറിച്ചു. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്നും പുറത്തായ ഗഹ്‌ലോത് ഒടുവില്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരുടെ പട്ടികയില്‍ നിന്നും പുറത്തായി. പഞ്ചാബിലെ പഴയ നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും ഇക്കാലയളവില്‍ ബിജെപി ബാന്ധവം കൂടുതല്‍ ഊട്ടിയുറപ്പിച്ചു. ഗാന്ധി-നെഹ്റു കുടുംബ ഭക്തരായ മല്ലികാര്‍ജുന ഖാര്‍ഗയും ശശി തരൂരും കളത്തിലിറക്കി അധ്യക്ഷ തിരഞ്ഞെടുപ്പ് ആവേശമാക്കുന്നു എന്നതാണ് ബാക്കിപത്രം. ഇതില്‍ ഏറ്റവും വിരോധാഭാസം ഖാര്‍ഗെ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണത്രെ. പിന്നെന്തിനാണ് തിരഞ്ഞെടുപ്പ് നാടകമെന്ന് ആരും ചോദിക്കരുത്. ഇത് പാര്‍ട്ടി കോണ്‍ഗ്രസാണ്.

കേരളാ അതിര്‍ത്തി കടക്കുമ്പോള്‍ ജോഡോ യാത്ര പിന്നിട്ടത് 483 കിലോമീറ്ററാണ്. ഇനി കശ്മീര്‍ വരെ 3088 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. ഇതിലേറെയും സംഘടനയ്ക്ക് അടിത്തറയില്ലാത്ത പാര്‍ട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളാണ്. കര്‍ണാടകയില്‍ കയ്യിലിരുന്ന അധികാരം കളഞ്ഞുകുളിച്ചു. തെലങ്കാനയിലും ആന്ധ്രയിലും പാര്‍ട്ടിക്ക് നാമമാത്ര സ്വാധീനമാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉഗ്ര കോപത്തില്‍ ആന്ധ്രയില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ രക്ഷിക്കാന്‍ സംസ്ഥാനചുമതല ഏല്‍പ്പിച്ച സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിക്കു പോലും കഴിഞ്ഞില്ല. മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നതോടെ അധികാരത്തിനു പുറത്തായ മഹാരാഷ്ട്രയില്‍ അങ്ങിങ്ങായി പാര്‍ട്ടിയുണ്ട്. മധ്യപ്രദേശില്‍ മുഖ്യ പ്രതിപക്ഷമാണ്. കമല്‍ നാഥ്, ദിഗ് വിജയ് സിങ് ദ്വന്ദങ്ങളില്‍ തട്ടി ഇപ്പോഴും വയസന്മാരുടെ പാര്‍ട്ടിയായി തുടരുന്നു. അധികാരമുളള രാജസ്ഥാനില്‍ ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് പോര് അതിരുവിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ആദ്യം രണ്ടു ദിവസം നിശ്ചയിച്ചിരുന്ന യാത്ര ഇപ്പോള്‍ വിമര്‍ശനങ്ങളെ തുടര്‍ന്ന് പര്യടന ദിനങ്ങള്‍ കൂട്ടി. ബിജെപി ഭരണത്തിലുളള യുപിയുടെ ചുമതല പ്രിയങ്ക ഗാന്ധിക്കാണെങ്കിലും സംസ്ഥാനത്ത് താഴെത്തട്ടില്‍ കോണ്‍ഗ്രസിനെ കാണാനില്ല.

ഡല്‍ഹിയില്‍ കോര്‍പറേഷനില്‍ പോലും ജയിക്കാനുളള ത്രാണി പാര്‍ട്ടിക്കില്ല. ഹരിയാണയിലാകട്ടെ ബിജെപിയില്‍ ചേര്‍ന്ന കുല്‍ദീപ് ബിഷ്‌ണോയി ഉണ്ടാക്കിയ പുകില്‍ ഇപ്പോഴും എരിഞ്ഞടങ്ങിയിട്ടില്ല. തമ്മിലടിയില്‍ തകര്‍ന്ന പഞ്ചാബിലും ഗുലാം നബി ആസാദ് കളം വിട്ടതോടെ ത്രിശങ്കുവിലായ ജമ്മു കശ്മീരിലൂടെയുയാണ് ഭാരത് ജോഡ യാത്ര. ഇതിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. യാത്രയുടെ നേതൃത്വത്തിലേക്ക് ആ ഘട്ടത്തില്‍ പുതിയ അധ്യക്ഷന്‍ വരുമോയെന്ന ചോദ്യവും പ്രസക്തമാണ്. ജോഡോ യാത്രയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്ന് സാരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഉറക്കെ രാഷ്ട്രീയം പറയാന്‍ ഭാരത് ജോഡോയക്ക് കഴിയണം. ഇല്ലെങ്കില്‍ അധികാര രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കോണ്‍ഗ്രസ് എന്നെന്നേയ്ക്കുമായി ഒതുക്കപ്പെടുന്ന കാലം സംജാതമാകും, ഒപ്പം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം അണികളുടെ ആവേശവും കെട്ടടങ്ങും.

Content Highlights: Bharat Jodo Yatra Rahul Gandhi Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented