
ഭാരത് ബയോടെക്ക് സിഎംഡി ഡോ. കൃഷ്ണ എല്ല
ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി കോവാക്സിന് വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് വിമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് ഭാരത് ബയോടെക്ക് ചീഫ് മാനേജിങ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കോവാക്സിനും അതിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) നിബന്ധനകള്‍ പ്രകാരമാണ് അനുമതി ലഭിച്ചത്. സിഡിഎസ്സിഒയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2019 ല്‍ പുറത്തുവന്നതാണ്. സുരക്ഷിതമാണെങ്കിലും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണെങ്കിലും വാക്സിന് അനുമതി നല്‍കാമെന്നാണ് മാര്‍ഗനിര്‍ദ്ദേശം.
ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാനുള്ള പ്രവണതയാണ് കോവാക്സിനോടുള്ള എതിര്‍പ്പിനും പിന്നില്‍. എന്നാല്‍ ഇന്ത്യക്ക് കണ്ടുപിടിത്തങ്ങള്‍ നടത്താനാവും. കോപ്പിയടിക്കാന്‍ മാത്രം അറിയുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചു എന്നതിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുതന്നെ വിമര്‍ശം ഉയരുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശം ഉയരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
ഭാരത് ബയോടെക്ക് എല്ലാകാര്യങ്ങളും ചട്ടപ്രകാരമാണ് ചെയ്തത്. തങ്ങളുടെ വാക്സിന് വെള്ളമാണെന്നാണ് ചിലര്‍ വിമര്‍ശിച്ചത്. തങ്ങളുടെ ഗവേഷകരെ അത്തരം വിമര്‍ശങ്ങള്‍ വേദനിപ്പിച്ചു. അവര്‍ അര്‍ഹിക്കുന്നത് അതല്ല. പലരും അപവാദങ്ങള്‍ പറഞ്ഞുനടക്കുകയാണ്. മെര്‍ക്കിന്റെ എബോള വാക്സിന് മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കാതെ തന്നെ ലൈബീരിയയിലും ഗിനിയയിലും ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്കി.
രോഗപ്രതിരോധത്തിനുള്ള കഴിവുണ്ടെങ്കിലും വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാമെന്ന് യു.എസ് ഭരണകൂടം പോലും വ്യക്തമാക്കിയതാണ്. ഇന്ത്യയില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങളുടെ അഭാവത്തിലാണ് മറ്റുപല വാക്സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരെടുത്ത് പറയാതെ ഭാരത് ബയോടെക് സിഎംഡി വിമര്‍ശമുന്നയിച്ചു.
Content Highlights: Bharat Biotech slams criticism against indigenous COVID vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..