ന്യൂഡൽഹി: ഡൽഹിക്ക് കോവിഡ് വാക്സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്നാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവാക്സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്നും വാക്സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് ഭാരത് ബയോടെക് ഡൽഹി സർക്കാരിനെ അറിയിച്ചതെന്നും സിസോദിയ വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്സിന്റെ കരുതൽ ശേഖരം തീർന്നു. കോവിഷീൽഡ് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ മാത്രം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കോവാക്സിൻ കുത്തിവെപ്പിനായി 17 സ്കൂളുകളിലായി സജ്ജീകരിച്ച 100 വാക്സിൻ കേന്ദ്രങ്ങൾ ഇതിനോടകം അടച്ചുവെന്നും സിസോദിയ വ്യക്തമാക്കി. 6.6 കോടി ഡോസ് വാക്സിൻ കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതതാണ് രാജ്യത്തെ വാക്സിൻ ക്ഷാമത്തിലേക്ക് നയിച്ചതെന്നും സിസോദിയ ആവർത്തിച്ചു.

വാക്സിൻ സംബന്ധമായ എല്ലാ കയറ്റുമതിയും കേന്ദ്രസർക്കാർ നിർത്തിവയ്ക്കണമെന്നും വാക്സിൻ നിർമാണത്തിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് കൂടുതൽ വാക്സിൻ ഡോസുകൾ ഇറക്കുമതി ചെയ്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണം. ഇത് കേന്ദ്രസർക്കാരിന്റെ ഉത്തവാദിത്വമാണെന്നും സിസോദിയ ഓർമപ്പെടുത്തി. ഈ രാജ്യത്തിന്റെ ഗവർണമെന്റായി കേന്ദ്രം പ്രവർത്തിക്കണമെന്നും സിസോദിയ പറഞ്ഞു.

content highlkights:Bharat Biotech refused to supply Covaxin to Delhi on Centre's directives: Dy CM Manish Sisodia