ഹൈദരാബാദ്: കോവാക്‌സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നയമാണ്‌ പിന്തുടരുന്നതെന്ന് ഭാരത് ബയോടെക്. ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും കമ്പനി പറഞ്ഞു. ബാംഗ്ലൂര്‍ പ്ലാന്റില്‍ നിന്നുള്ള ചില വാക്‌സിന്‍ ബാച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 

ഗുണനിലവാര പ്രശ്‌നങ്ങളുള്ളതിനാല്‍ ബാംഗ്ലൂര്‍ പ്ലാന്റില്‍ നിര്‍മിച്ച കോവാക്‌സിന്റെ ആദ്യത്തെ ചില ബാച്ചുകള്‍ നിരസിച്ചതാണ് വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയതെന്ന് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് മേധാവി ഡോ. എന്‍.കെ. അറോറ പറഞ്ഞിരുന്നു. കോവാക്‌സിന്‍ ലഭ്യതക്കുറവിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതിന് വിശദീകരണവുമായായാണ് ഭാരത് ബയോടെക് രംഗത്തെത്തിയത്. ഇതുവരെ പുറത്തിറക്കിയ കോവക്‌സിന്റെ എല്ലാ ബാച്ചുകളും ഹൈദരാബാദിലെ പ്ലാന്റിലാണ് നിര്‍മിച്ചതെന്ന് കമ്പനി പറഞ്ഞു. അവ പൂര്‍ണമായും ഓഡിറ്റിങ്ങിന് വിധേയമായിരുന്നുവെന്നും അംഗീകാരം ലഭിച്ചിരുന്നുവെന്നും ഭാരത് ബയോടെക് കൂട്ടിച്ചേര്‍ത്തു. 

കോവാക്‌സിന്റെ ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും തുടര്‍ന്ന് കേന്ദ്ര ഡ്രഗ് ലബോറട്ടറിയില്‍ (സിഡിഎല്‍) സാമ്പിളുകള്‍ സമര്‍പ്പിക്കാറുണ്ടെന്നും ഭാരത് ബയോടെക് പറഞ്ഞു. സി.ഡി.എല്ലിന്റെ അംഗീകാര പ്രകാരമാണ് ബാച്ചുകള്‍ വാണിജ്യ ആവശ്യത്തിനായി വാക്‌സിന്‍ പുറത്തിറക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

പരീക്ഷണ ബാച്ചുകളുടെ ഗുണനിലവാരം തൃപ്തികരമല്ലാത്തതിനാല്‍ നിരസിക്കപ്പെട്ടുവെന്നും ഇത് ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും അറോറയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാച്ചുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പൊതു ഉപഭോഗത്തിന് ലഭ്യമാകുമെന്നും അറോറ പറഞ്ഞിരുന്നു.

Content Highlights: Bharat Biotech Addresses Concerns On Covaxin Quality; Says Every Batch Goes Through Over 200 Tests