കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ഭാവനിപ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതാണ്ട് വൻ വിജയം ഉറപ്പാക്കിക്കഴിഞ്ഞു. ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ഭവാനിപ്പൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സൊവെന്‍ദേബ് ചഠോപദ്ധ്യായയാണ് വിജയിച്ചത്. മമതയ്ക്ക് മത്സരിക്കാന്‍ വേണ്ടി സൊവെദേബ് രാജിവയ്ക്കുകയായിരുന്നു. നന്ദിഗ്രാമില്‍ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. 2011ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി മമത മത്സരിച്ച മണ്ഡലമാണ് ഭവാനിപ്പൂര്‍. പിന്നീട് 2016ലും ഇവിടെ നിന്നാണ് മമത വിജയിച്ചത്. സി.പി.എമ്മും ഇവിടെ മത്സരിക്കുന്നുണ്ട്.

ഭവാനിപ്പൂരിന് പുറമെ ഒഡിഷയിലെ പിപ്‌ലി മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ബി.ജെ.ഡി എം.എല്‍.എ പ്രദീപ് മഹാരഥി അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രദീപിന്റെ മകന്‍ രുദ്രപ്രതാപാണ് ബി.ജെ.ഡി സ്ഥാനാര്‍ഥി. ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ രുദ്രപതാപ് ലീഡ് ചെയ്യുകയാണ്.

Content Highlights: Bhabanipur Pipili Assembly constituency Bypoll Mamata Banerjee