അമരീന്ദർ സിങ് | ഫോട്ടോ: PTI
ചണ്ഡീഗഡ്: ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടതില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രീയ നിര്‍ബന്ധങ്ങളുടെ പിന്നാലെയുള്ള നിരാശാജനകമായ നീക്കമെന്നാണ് തീരുമാനത്തെ അമരീന്ദര്‍ സിങ് വിശേഷിപ്പിച്ചത്.
കാര്‍ഷിക ബില്ലിന്റെ ഗുണങ്ങളെക്കുറിച്ച് പഞ്ചാബിലെ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ അകാലിദള്‍ പരാജയപ്പെട്ടുവെന്ന് ബിജെപി വ്യക്തമാക്കിയതോടെ അകാലിദളിന് മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായി. പിന്നാലെയാണ് സഖ്യം വിട്ടത്. ശിരോമണി അകാലിദളിന്റെ തീരുമാനത്തില്‍ ധാര്‍മിക അടിത്തറയില്ല.
കാര്‍ഷിക ബില്ലുകളെ അകലാദികള് നേരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ നിലപാട് മാറ്റം മൂലം അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ ചെകുത്താനും ആഴക്കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലായി. അകാലിദള്‍ ഇപ്പോള്‍ പഞ്ചാബിലോ കേന്ദ്രത്തിലോ സ്ഥാനമില്ലാത്തവിധത്തില് പ്രശ്നത്തിലായിരിക്കുന്നു. അകാലിദളിന്റെ നിലപാട് മാറ്റം കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്നാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ ശിരോമണി അകാലിദള്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ട് നേരത്തെ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.
കാര്‍ഷിക ബില്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് എന്‍ഡിഎ വിടുന്നതായി ശിരോമണി അകാലിദള്‍ പ്രഖ്യാപിച്ചത്. അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദലിന്റ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു സഖ്യം വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമപരമായ സംരക്ഷണം നല്കാന് കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതാണ് അകാലിദളിന്റെ തീരുമാനത്തിന് പിന്നില്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് സുഖ്ബീര്‍ ബാദലിന്റെ ഭാര്യ ഹര്‍സിമ്രത്ത് കൗര്‍ കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു.
അതേസമയം 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പഞ്ചാബിലെ 117 സീറ്റുകളിലും മത്സരിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ മോഹന്‍ മിത്തല്‍ പറഞ്ഞു. അകലാദികള് എന്‍ഡിഎ വിട്ടതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോയെങ്കിലും നിരവധി അകാലിദള്‍ നേതാക്കള്‍ ഇപ്പോഴും ഞങ്ങളുമായി അടുത്തബന്ധത്തിലാണുള്ളത്. പലര്‍ക്കും തിരിച്ച് ബിജെപിയിലേക്ക് വരണമെന്നുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അകാലിദളിന് സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടില്ലെന്നും മിത്തല്‍ പറഞ്ഞു. 2017ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 23 സീറ്റുകളിലാണ് ബിജെപി മത്സരിച്ചപ്പോള്‍ ശേഷിക്കുന്ന 94 സീറ്റുകളിലും അകാലിദളായിരുന്നു മത്സരിച്ചത്.
Content Highlights: Between Devil & Deep Sea': Amarinder Mocks Badals as BJP Says Ready to Contest 'All Seats' in 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..