
പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി:പെൺകുട്ടികളുടെ പഠനത്തിനുവേണ്ടി ആവിഷ്കരിച്ചു നടപ്പാക്കിയ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിക്കുവേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ എൺപതു ശതമാനവും സംസ്ഥാന സര്‍ക്കാരുകൾ ചെലവിട്ടത് മാധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രചാരണങ്ങള്ക്കായിട്ടാണെന്ന് റിപ്പോര്‍ട്ട്. ലോക്സഭയില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നത്. അഞ്ചു വര്‍ഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോള്‍ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016 നും 2019 നും ഇടയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ 446.72 കോടി രൂപയില്‍ 78.91% മാധ്യമങ്ങളില്‍ പരസ്യത്തിനായിട്ടാണ് ചെലവഴിച്ചതെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി ഹീന വിജയകുമാര്‍ ഗവിത് ആണ് സമിതിയുടെ അധ്യക്ഷ. പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മേഖലാതലത്തിലുള്ള ഇടപെടലുകള്‍ക്കായി ആസൂത്രിത ചെലവ് വിഹിതത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് കീഴിലുള്ള മൊത്തം വിനിയോഗവും മോശമായിരുന്നുവെന്നാണ് കണ്ടെത്തല്‍ - 2014-15-ല്‍ ബിബിബിപിയുടെ തുടക്കം മുതല്‍ 2019-20 വരെ, 2020-21 ലെ കോവിഡ് ബാധിച്ച സാമ്പത്തിക വര്‍ഷം ഒഴികെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണെന്ന് സമിതി കണ്ടെത്തി. ഈ കാലയളവില്‍, സംസ്ഥാനങ്ങള്‍ക്ക് 622.48 കോടി രൂപ അനുവദിച്ചു, എന്നാല്‍ ഫണ്ടിന്റെ 25.13%, അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചെലവഴിച്ചത്.
2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിക്ക് തുടക്കം കുറിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..