ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെ ട്രക്കിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് വീണ(21)എന്ന യുവതി ശരീരത്തില്‍ ട്രക്ക് കയറി മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹോദരി ലക്ഷ്മിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.റോഡിലെ വലിയ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടറിന്റെ സ്പീഡ് കുറച്ചപ്പോള്‍ പിന്നില്‍ ലോറി വന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇരുവരും സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണു.

റോഡില്‍ വീണുപോയ വീണയുടെ മേല്‍ ട്രക്ക് കയറി. വീണ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൂത്ത സഹോദരി ലക്ഷ്മിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു.യുവതിയുടെ മരണത്തിനു പിന്നാലെ  റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധം രേഖപ്പെടുത്തി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

ബെംഗളൂരുവില പലയിടങ്ങളിലും കുഴി വലിയ പ്രശ്‌നമായി ഉയര്‍ന്നു കേള്‍ക്കുന്ന പശ്ചാത്തലത്തില്‍ 15 ദിവസത്തിനകം റോഡിലെ കുഴികള്‍ പൂര്‍ണമായും അടക്കാന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റോഡില്‍ ഏകദേശം 15000ഓളം കുഴികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ ജീവനാണ് ബെംഗളൂരുവിലെ റോഡില്‍ പൊലിഞ്ഞത്.