ബെംഗളൂരു: മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി രംഗത്ത്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കുമാരസ്വാമി ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.ബെംളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകുമെന്നും കുമാരസ്വാമി പറഞ്ഞു. 

"മനുഷ്യജീവനുകള്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചില മേഖലകള്‍ മാത്രം അടച്ചു പൂട്ടിയതു കൊണ്ടായില്ല. ബെംഗളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് നിങ്ങള്‍ വില കല്‍പിക്കുന്നുണ്ടെങ്കില്‍ നഗരം 20 ദിവസത്തേക്ക് അടച്ചിടേണ്ടതുണ്ട്. അതല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകും. സമ്പദ്ഘടനയേക്കാള്‍ മുഖ്യം ജനങ്ങളുടെ ജീവനാണ്."  കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ജനസംഖ്യയുമായി താരത്മ്യപ്പെടുത്തിയേ ഈ വിഷയത്തെ കാണാനാവൂ എന്നും കുമാരസ്വാമി കുറിച്ചു.

"കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോക്ക്ഡൗണ്‍ എടുത്തു കളഞ്ഞതിനു ശേഷമാണ് ഇത് സംഭവിച്ചത്. ചില പ്രത്യേക മേഖലകളിലെ അടച്ചുപൂട്ടല്‍ കൊണ്ട് മാത്രം മഹാമാരിയെ തളച്ചിടാനാവില്ല എന്നും കുമാര സ്വാമി തുടരെയുള്ള ട്വീറ്റുകളിൽ കൂട്ടിച്ചേർത്തു.

കര്‍ണാടകയില്‍ ഇതുവരെ 142 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 9,000-ത്തിലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

content highlights: Bengaluru Will Become Brazil says HD Kumaraswamy