ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ | Photo : PTI
ന്യൂഡല്‍ഹി: ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്? കഴിഞ്ഞ കുറച്ച് കാലമായി കോണ്‍ഗ്രസ് അടിത്തട്ടിലിറങ്ങി ജനങ്ങളോട് ചോദിച്ചു കൊണ്ടേയിരിക്കുകയാണ്. ആദ്യ ചോദ്യത്തിന് ലഭിച്ച ഉത്തരവും അതുയര്‍ത്തിയുള്ള പ്രചാരണവും രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചിരിക്കുന്നു. പാര്‍ട്ടിയ്ക്ക് മെച്ചപ്പെട്ട സംഘടനാ സംവിധാനം ഉള്ള ഇടത്ത് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത് എന്നും കാണാം. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക- നാല് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഈ അടിത്തറയില്‍ നിന്നുകൊണ്ട് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് സജീവശ്രമം ആരംഭിച്ചു.
ഇന്നലെ പാതിവഴിയില്‍ അവസാനിപ്പിച്ച സ്റ്റേജ് പണി ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പുനരാരംഭിക്കുന്നത് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വേണ്ടി മാത്രമല്ല. അത് പ്രതിപക്ഷ ഐക്യപ്രഖ്യാപന വേദി കൂടിയായി മാറും. സന്തോഷത്തോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത്. കര്‍ണാടകയിലെ വെല്ലുവിളികള്‍ മറികടക്കാനായതിന്റേതായിരുന്നു ആ സന്തോഷം. ''സമാന മനസ്‌കരായ പ്രതിപക്ഷ പാര്‍ട്ടികളെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കും'. എന്ന് ഒരു ചോദ്യത്തിന് മറുപടിയായി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഒഴികെയുള്ളവര്‍ക്ക് ക്ഷണമുണ്ടാകും എന്ന് ചുരുക്കം. കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന സിപിഎം, എഎപി, ബിആര്‍എസ് എന്നീ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ വേദിയിലെത്താനിടയില്ല. എന്നാല്‍ ഈ പാര്‍ട്ടികളിലേയും നേതാക്കള്‍ ബെംഗളൂരുവിലേയ്ക്ക് വന്നേക്കും. മമത ബാനര്‍ജി എന്ത് നിലപാട് സ്വീകരിക്കും എന്നതും ആകാംക്ഷ തന്നെ. ഓരോ പ്രതിപക്ഷ പാര്‍ട്ടിയും എന്ത് നിലപാട് സ്വീകരിച്ചാലും എല്ലാവരേയും ക്ഷണിച്ച് ഒരേ വേദിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നു.
ഈ മാസം അവസാനം പട്‌നയില്‍ വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. പ്രതിപക്ഷത്തില്‍ നേതൃത്വമാര് എന്ന ചോദ്യത്തിന് ഇനി വലിയ പ്രസക്തിയുണ്ടാകില്ല. നാല് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന, നാലിടത്തും ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ കോണ്‍ഗ്രസ് കര്‍ണാടകയിലെ വിജയത്തോടെ നേതൃസ്ഥാനത്തിനുള്ള അവകാശം ഉറപ്പിച്ചു. ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരും നിരന്ന് നില്‍ക്കുന്നത് ബിജെപിയ്‌ക്കൊപ്പം പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ക്കു കൂടിയുള്ള സന്ദേശമായിരിക്കും. കോണ്‍ഗ്രസ് മുക്തമായത് പോയിട്ട് കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷസഖ്യം പോലും വിജയമാകില്ല എന്ന് എഐസിസി പറയാതെ പറയും.
പട്‌നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 12 പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും ചില ചെറു പാര്‍ട്ടികളും പങ്കെടുക്കും. കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ശിവസേന (ഉദ്ദവ്), ഡിഎംകെ, ആംആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ, സിപിഐ എംഎല്‍, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ, തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളാണ് യോഗത്തിനെത്തുക. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ 12 സംസ്ഥാനങ്ങള്‍ ഭരിയ്ക്കുന്ന പാര്‍ട്ടികളിലെ പ്രധാന നേതാക്കളാണ് പ്രതിപക്ഷ ഐക്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയിരിക്കുക. ഈ പാര്‍ട്ടികള്‍ തന്നെ ഐക്യപ്പെട്ടാല്‍ മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റ് പല സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ പറ്റും എന്ന് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു.
അടിത്തട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്ത്? അവര്‍ എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നത് എന്ന് പഠിച്ച് മനസ്സിലാക്കി നടത്തിയ പ്രചാരണവും ഇടപെടലുമാണ് ഹിമാചല്‍ പ്രദേശിലേയും കര്‍ണാടകയിലേയും വിജയത്തിന്റെ കാതല്‍ എന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്. ഹിമാചലില്‍ പഴയ പെന്‍ഷന്‍ പദ്ധതി, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അഗ്നിപഥ്, തൊഴിലില്ലായ്മ എന്നിവയും കര്‍ണാടകയില്‍ അഴിമതിയും വിലക്കയറ്റവും വിദ്വേഷ രാഷ്ട്രീയത്തിനെതിരായ നിലപാടും ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണം ജനങ്ങള്‍ സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തും സമാനമായ ഇടപെടല്‍ വേണം എന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം ജനങ്ങള്‍ നേരിടുന്ന ഓരോ കുഴപ്പവും അക്കമിട്ട് നിരത്തുകയും അധികാരത്തിലെത്തിയാല്‍ അതിലെല്ലാം എന്ത് മാറ്റം വരുത്തുമെന്ന പ്രചാരണവും വിജയ വഴിയാകും എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചിന്ത. ഇപ്പോള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ രാജ്യത്താകമാനം ഉയര്‍ത്തിക്കാട്ടണമെന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. കര്‍ണാടകയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്ന് പാസാക്കാനിരിക്കുന്ന അഞ്ച് പദ്ധതികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമാകും. പ്രതിപക്ഷ ഐക്യം, ഇത്തരം പ്രചാരണത്തിനും ജനങ്ങളിലേയ്ക്ക് കൂടുതല്‍ ഇറങ്ങാനും പാര്‍ട്ടിയെ പ്രാപ്തമാക്കും എന്ന് ചിന്തിക്കുന്നു കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യത്തിനായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ് എന്ന കോണ്‍ഗ്രസിന്റെ നിലപാട് പട്‌നയിലെ ഐക്യ ചര്‍ച്ചകളില്‍ പ്രധാനമാകും.
Content Highlights: Karnataka Assembly Election 2023 , Congress Party, Opposition Parties
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..