Photo| PTI
ബെംഗളൂരു (കര്‍ണാടക): ബെംഗളൂരുവിലുണ്ടായ അക്രമത്തിനിടെ പൊതു - സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടതിന്റെ നഷ്ടപരിഹാരം അക്രമികളില്‍നിന്നുതന്നെ ഈടാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. കെ.ജി ഹള്ളി, ഡി.ജി ഹള്ളി എന്നിവിടങ്ങളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്കിടെ പൊതു - സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം അക്രമികളില്‍നിന്ന് തന്നെ ഈടാക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് പ്രകാരം ക്ലെയിം കമ്മീഷണറെ നിയമിക്കുക എന്നതാവും ആദ്യ നടപടി. കേസുകളുടെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ മൂന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും. പ്രത്യേക അന്വേഷണസംഘം ഇതിനകം രൂപവത്കരിച്ചു കഴിഞ്ഞു. അക്രമികള്‍ക്കെതിരെ യുഎപിഎ നിയമവും ആവശ്യമെങ്കില്‍ ഗുണ്ടാ ആക്ടും ചുമത്തുമെന്നും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
അതിനിടെ, ഡി.ജെ ഹള്ളിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സമിയുദ്ദീന്‍ എന്ന ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിന്റെ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 35 പേര്‍കൂടി ഞായറാഴ്ച അറസ്റ്റിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 340 ആയെന്നാണ് പോലീസ് പറയുന്നത്. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളിലെ 144 ഓഗസ്റ്റ് 18 വരെ നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 11 നാണ് ബെംഗളൂരുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 60 ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: Bengaluru violence: Will recover cost of damage from culprits - BS Yediyurappa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..