ബെംഗളുരു: ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റുിട്ടുവെന്ന് ആരോപിച്ച് നഗരത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. എസ്ഡിപിഐ പ്രവര്‍ത്തകനായ അയാസും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഇതുവരെ 150 പേര്‍ അറസ്റ്റിലായി. 

ബെംഗളുരു നഗരത്തിലും ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിക്കും കിഴക്കന്‍ ബെംഗളുരുവിലുളള ഡിജെ ഹള്ളി, കെഡെ ഹള്ളി പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ക്കും നേരെയാണ് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാന്‍ പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചിരുന്നു. എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് നേരെ അക്രമമഴിച്ചുവിട്ടതോടെയാണ് പോലീസ് വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായത്. 

സംഘർഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉത്തരവ് നല്‍കി. നഗരത്തിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസിനെതിരെയും അക്രമം അഴിച്ചുവിടുന്നത് ന്യായീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ സമാധാനം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ആഹ്വാനം ചെയ്തിട്ടുണ്ട്. 

നഗരത്തില്‍ 144 ഏര്‍പ്പെടുത്തിയതായി ബെംഗളുരു പോലീസ് കമ്മിഷണര്‍ കമല്‍ പാന്ത് പറഞ്ഞു. ഡിജെ ഹള്ളി, കെജെ ഹള്ളി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന് മുമ്പായി അക്രമകാരികള്‍ക്ക് ഒരാള്‍ പണം വിതരണം ചെയ്യുന്നത് പോലീസ് നഗരത്തില്‍ നിന്ന ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിന് നവീന്‍ എന്നയാളേയും അറസ്റ്റ് ചെയ്തു.

 'ഇത് ഒരു ആസൂത്രണം ചെയ്ത കലാപമാണെന്നാണ് ഞാന്‍ കരുതുന്നത്. സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒരു മണിക്കൂറാകും മുമ്പേ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. 200-300 വാഹനങ്ങള്‍ അവര്‍ തകര്‍ത്തു. എംഎല്‍എയുടെ വീടിനുനേരെയും അക്രമം അഴിച്ചുവിട്ടു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കും. ഇത് സംഘടിതമായി നടത്തിയ ഒരു സംഭവമാണ്. എസ്ഡിപി ഐആണ് ഇതിനുപിറകില്‍.' കര്‍ണാടക മന്ത്രി സിടി രവി പറഞ്ഞു. 

കലാപകാരികള്‍ തകര്‍ത്ത ഡിജെ ഹള്ളിയിലെ പോലീസ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജി.എന്‍.ശിവമൂര്‍ത്തി സന്ദര്‍ശിച്ചു. 'കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവം വളരെയധികം നിര്‍ഭാഗ്യകരമാണ്. പൊതുമുതലിന് വളരെയധികം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ പ്രകോപിതരാകുകയോ, അസ്വസ്ഥരാകുകയോ ചെയ്യരുതെന്ന് നഗരവാസികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.'  ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. 

Content HighlightsBengaluru Violence: SDPI member arrested