ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 'സുഗമജീവിതം ഇന്‍ഡക്‌സ് 2020' (ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്' 2020)-ല്‍ ഒന്നാം സ്ഥാനം നേടി ബെംഗളൂരു നഗരം. പത്തുലക്ഷത്തില്‍ അധികം ജനസംഖ്യയുള്ളതും പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ളതുമായ 111 നഗരങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇതില്‍നിന്നുമാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന നഗരം എന്ന നേട്ടത്തിന് ബെംഗളൂരു അര്‍ഹമായത്.

10 ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള 49 നഗരങ്ങളില്‍നിന്നാണ് ബെംഗളൂരുവിന്റെ നേട്ടം. പുണെ, അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്ദോര്‍, ഗ്രേറ്റര്‍ മുംബൈ തുടങ്ങിയ നഗരങ്ങളാണ് ബെംഗളൂരുവിന് പിന്നിലുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹി പട്ടികയില്‍ 13-ാം സ്ഥാനത്താണ്. ശ്രീനഗറാണ് ഏറ്റവും പിന്നില്‍. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പട്ടിക പുറത്തുവിട്ടത്.

10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സില്‍ ഷിംലയാണ് ഒന്നാംസ്ഥാനത്ത്. ഭുവനേശ്വര്‍ രണ്ടാംസ്ഥാനത്തും സില്‍വാസ മൂന്നാംസ്ഥാനത്തുമാണ്. കാക്കിനാട, സേലം, വെല്ലൂര്‍, ഗാന്ധിനഗര്‍, ഗുഡ്ഗാവ് തുടങ്ങിയവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് നഗരങ്ങള്‍. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 62 നഗരങ്ങളുടെ പട്ടികയില്‍ മുസാഫര്‍പുറാണ് ഏറ്റവും പിന്നില്‍.

അതേസമയം 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ളിടങ്ങളിലെ മുന്‍സിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2020ല്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലാണ് ഒന്നാംസ്ഥാനത്തെത്തി. തിരുപ്പതി, ഗാന്ധിനഗര്‍, കര്‍ണാല്‍, സേലം, തിരുപ്പുര്‍, ബിലാസ്പുര്‍, ഉദയ്പുര്‍, ഝാന്‍സി, തിരുനെല്‍വേലി എന്നിവയാണ് പട്ടികയില്‍ ന്യൂഡല്‍ഹിക്കു പിന്നില്‍. 10 ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ളിടത്തെ മുന്‍സിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഇന്ദോറാണ് ഒന്നാംസ്ഥാനത്ത്. സൂറത്ത്, ഭോപ്പാല്‍ തുടങ്ങിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളാണ് ഇന്ദോറിന് പിന്നില്‍.  

ജീവിത നിലവാരം, നഗര വികസനത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

content highlights: bengaluru tops ease of living index