ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം വെല്ലുവിളി ഉയര്‍ത്തുമ്പോഴും അതിജീവനത്തിന്റെ പാതയിലാണ് എല്ലാവരും. പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താതെ മുന്നോട്ടുപോകാനാവില്ല. നട്ടുനനച്ച് വളര്‍ത്തിയ മുന്തിരിത്തോട്ടങ്ങള്‍ വിളവെടുപ്പിന് പാകമായതോടെ ബെംഗളൂരുവിലെ മുന്തിരി കര്‍ഷകരും ആശങ്കയുടെ നിഴലിലായി. ലോക്ക് ഡൗണ്‍ മൂലം കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ എങ്ങനെ വിപണനം ചെയ്യും. എത്രയും വേഗം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്തിരി മുഴുവന്‍ പാഴായിപ്പോകും. 

ആശങ്കയിലായ കര്‍ഷകരെ സഹായിക്കാന്‍ എത്തിയത് അഗ്രിക്കള്‍ച്ചര്‍ സയന്‍സ്  യൂണിവേഴ്‌സിറ്റി (യുഎഎസ്) യിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയാണ്. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ മുന്തിരി നേരിട്ട് വീടുകളില്‍ എത്തിക്കാനുള്ള പദ്ധതി അവര്‍ തയ്യാറാക്കി. അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സി പ്രതിദിനം രണ്ട് മുതല്‍  മൂന്ന് ടണ്‍ വരെ മുന്തിരി ഏറ്റെടുത്തിരുന്ന സ്ഥാനത്ത് നേരിട്ട് വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത് പ്രതിദിനം 250 - 300 ടണ്‍ മുന്തിരിയാണെന്ന് കര്‍ഷകര്‍  അവകാശപ്പെടുന്നു. 

ഇടനിലക്കാരെ ഒഴിവാക്കിയതോടെ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യമുണ്ടായി. ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള മുന്തിരി ലഭിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഹോപ്‌കോംസ് കിലോയ്ക്ക് 45 രൂപ ഈടാക്കിയാണ് കര്‍ഷകരില്‍നിന്ന് മുന്തിരി ഏറ്റെടുത്തിരുന്നത്. അവര്‍ മുന്തിരി വിറ്റിരുന്നത് കിലോയ്ക്ക് 115 രൂപയ്ക്കും. കര്‍ഷകര്‍ നേരിട്ട് മുന്തിരി എത്തിക്കാന്‍ തുടങ്ങിയതോടെ കിലോയ്ക്ക് 55-60 രൂപയ്ക്ക് മുന്തിരി വീട്ടുപടിക്കല്‍ ലഭിക്കുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. മാര്‍ക്കറ്റില്‍ പോയി 120 രൂപവരെ നല്‍കി മുന്തിരി വാങ്ങിയിരുന്ന സ്ഥാനത്താണിത്. കടുത്ത വേനലില്‍ പഴവര്‍ഗങ്ങള്‍  വീട്ടിലെത്തുന്നത് ആശ്വാസമാണെന്ന് നഗരവാസികള്‍ പറയുന്നു. 

ഇത്ര മികച്ച പ്രതികരണം ബെംഗളൂരു നഗരവാസികളില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് യു.എ.എസ് അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ നാരായണ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരുവിലെ മുന്തിരിത്തോട്ടങ്ങളില്‍ വിളവെടുപ്പ് കാലമായിവന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെ വിളയുന്ന മുന്തിരി ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് പോകാറില്ല. മുഴുവന്‍ പ്രാദേശിക വിപണികളിലൂടെ ചില്ലറ വില്‍പ്പന നടത്തുകയാണ് പതിവ്. വിപണികളില്‍ ആളൊഴിഞ്ഞതോടെ മുന്തിരി മുഴുവന്‍ നശിച്ചുപോകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കര്‍ഷകര്‍ പുതിയ വഴികള്‍ തേടിയത്. കര്‍ഷകരെയും റസിഡന്റ്‌സ് അസോസിയേഷനനുകളെയുും ബന്ധിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് വിപണിനം സാധ്യമാക്കിയത്. വാട്‌സാപ്പിലൂടെ എങ്ങനെ ഓര്‍ഡറുകള്‍ സ്വീകരിക്കണമെന്നും മുന്തിരി എങ്ങനെ വീടുകളില്‍ എത്തിക്കണം എന്നതിനെക്കുറിച്ചും അലുംനി അസോസിയേഷന്‍ കര്‍ഷകരെ ബോധവത്കരിച്ചു. 

പദ്ധതി വിജയിച്ചതോടെ  കൂടുതള്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ കര്‍ഷകരെ നേടിയെത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വന്തം നിലയില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. പരീക്ഷണം വിജയിച്ചതോടെ ഓണ്‍ലൈന്‍ വിപണന സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ബെംഗളൂരുവിലെ മുന്തിരി കര്‍ഷകര്‍. മുന്തിരിക്ക് പുറമെ മാമ്പഴവും ഇത്തരത്തില്‍ വിപണനം ചെയ്യുന്നതിനും നീക്കമുണ്ട്.

കടപ്പാട്- Deccan Chronicle

Content Highlights: Content Highlights: Bengaluru farmers sells grapes through resident's associations to overcome lock down crisis